അഞ്ചാം പനി: 21 കുട്ടികൾകൂടി വാക്സിൻ സ്വീകരിച്ചു, ഡബ്ല്യുഎച്ച്ഒ സംഘം നാദാപുരത്ത്
1262308
Thursday, January 26, 2023 12:19 AM IST
നാദാപുരം: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന അഞ്ചാം പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി നാദാപുരം താലുക്ക് ആശുപത്രിയിൽ സ്പെഷൽ വാക്സിനേഷൻ ക്യാമ്പ് നടത്തി.
മേഖലയിൽ പനി ബാധിതരുടെ എണ്ണം ക്രമതീതമായി ഉയർന്നതോടെ രണ്ടാഴ്ച്ചയായി ആരോഗ്യ വകുപ്പും, പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു.
ഇതേ തുടർന്ന് 31 വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ സ്വീകരിച്ചിരുന്നെങ്കിലും മറ്റുള്ളവർ വിമുഖത കാണിക്കുകയായിരുന്നു. ഇതിനിടയിലാണ് ആരോഗ്യ വകുപ്പ് ബുധനാഴ്ച്ച ആശുപത്രിയിൽ സ്പെഷൽ ക്യാമ്പ് നടത്തിയത്. ഈ ക്യാമ്പിൽ 21 കുട്ടികൾ കൂടി വാക്സിൻ സ്വീകരിച്ചു.
നേരത്തെ വിമുഖത കാണിച്ചവരും ക്യാമ്പിലെത്തിയതായി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പഞ്ചായത്തിലെ അസുഖം ബാധിത വാർഡുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും രക്ഷിതാക്കളുടെ തെറ്റിദ്ധാരണകൾ മാറ്റി അടുത്ത ആഴ്ച്ച വീണ്ടും ആശുപത്രിയിൽ ക്യാമ്പ് ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന പ്രതിനിധികൾ നാദാപുരത്തെത്തി അധികൃതരുമായി ചർച്ച നടത്തി. ഡോ. സന്തോഷ്, ഡോ. ആശാ രാഘവൻ എന്നീ പ്രതിനിധികളാണ് നാദാപുരത്തെത്തിയത്. പഞ്ചായത്തും ആരോഗ്യ വകുപ്പും രോഗബാധിത വാർഡുകളിൽ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് കുട്ടികൾ ഡിസ്ചാർജ് ആയി. കഴിഞ്ഞ ഡിസംബർ മാസത്തിൽ ആരോഗ്യ വകുപ്പും, ഡബ്ല്യുഎച്ച്ഒ അധികൃതരും നടത്തിയ യോഗത്തിൽ നാദാപുരം മേഖലയിൽ മീസിൽസ് പടർന്ന് പിടിക്കാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിലെ 15 ലേറെ പഞ്ചായത്തുകളിൽ രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീല, ശിശുരോഗ വിദഗ്ദൻ ഡോ. എൻ.കെ. ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.