കൂരാച്ചുണ്ട്: വനം -റവന്യു വകുപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്ന പ്രശ്നത്തെ തുടർന്ന് എല്ലാവിധ ഭൂരേഖകളോടും കൂടെ ഭൂമി കൈവശം വച്ചുവരുന്ന കർഷകർക്ക് ആവശ്യമായ റവന്യുരേഖകൾ ലഭിക്കാതെ ദുരിതത്തിൽ.
കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലായി നൂറ് കണക്കിന് കർഷകരാണ് വിവിധ ആവശ്യങ്ങൾക്കായി ലഭിക്കേണ്ട റവന്യു രേഖകൾക്കായി ഇപ്പോഴും ഓഫീസുകൾ കയറിയിറങ്ങുന്നതായി പരാതി ഉയരുന്നത്.
ഈ വിഷയം സംബന്ധിച്ച് 2016-ൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗ തീരുമാനം അനുസരിച്ച് വനഭൂമിയുമായി തർക്കമുള്ള ഭൂമിയുടെ ജോയിന്റ് വെരിഫിക്കേഷൻ നടത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം 1977-ന് മുമ്പ് ഏതെങ്കിലും കൈവശ രേഖകളുമുള്ള ഭൂവുടമകൾക്ക് അതാത് വില്ലേജകളിൽ ഭൂനികുതി നൽകാനും ആവശ്യമായ റവന്യൂ രേഖകൾ ഉടമകൾക്ക് നൽകുന്നതിനും സർക്കാർ ഉത്തരവായി.
എന്നാൽ കൈവശ രേഖകൾ ഉള്ള നിരവധി കർഷകർക്ക് വനം വകുപ്പിന്റെ തടസവാദങ്ങൾ മൂലം നികുതി അടക്കമുള്ള റവന്യു രേഖകൾ ലഭിക്കാതെ വന്നു. ഇതേത്തുടർന്ന് ഭൂവുടമകളുടെ പരാതി ഉയരുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാനായി സർക്കാർ ഉത്തരവ് അനുസരിച്ച് 2019 ജൂൺ 27-ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കർഷകരുടെ ഭൂനികുതി സ്വീകരിക്കുകയും, കൈവശ രേഖകൾ നൽകുകയും ചെയ്തിരുന്നു.
എന്നാൽ വർഷങ്ങളായി കർഷകർക്ക് ഭൂമിയുടെ തണ്ടപ്പേർ ലഭിക്കാതെ വലയുകയാണ്. ഇതുമൂലം മക്കൾക്ക് ഭൂമി ഓഹരി വെയ്ക്കുന്നതിനോ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, മറ്റ് കടബാധ്യതകൾ തീർക്കുന്നതിനോ, ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ കഴിയുന്നില്ലെന്നുമാണ് പരാതി.
ഭൂമിയുടെ തണ്ടപ്പേർ ലഭിക്കാതെ വലഞ്ഞ് കർഷകൻ
കൂരാച്ചുണ്ട്: വർഷങ്ങളായി തന്റെ കൈവശമുള്ള ഭൂമിയുടെ തണ്ടപ്പേർ ലഭിക്കാനായി അപേക്ഷ നൽകി വർഷങ്ങൾ കാത്തിരുന്നിട്ടും നടപടിയില്ലാതെ കൂരാച്ചുണ്ട് വില്ലേജ് ഇരുപത്തെട്ടാംമൈലിലെ കർഷകൻ കുര്യൻ ചെമ്പനാനി എന്ന മണാങ്കൽതടത്തിൽ സിറിയക്.
തന്റെ പേരിലുള്ള ഒരു ഏക്കർ 55 സെന്റ് ഭൂമിയുടെ എല്ലാ കൈവശരേഖകളും നൽകിയിട്ടും മൂന്ന് വർഷമായി തണ്ടപ്പേർ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങുന്നു. കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് റവന്യു- വനം ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്താൻ ഉത്തരാവായതിനെ തുടർന്ന് പ്രാഥമിക പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ കർഷകന്റെ സ്ഥലത്ത് കഴിഞ്ഞ ദിവസം എത്തുകയും ചെയ്തു.
1948 മുതൽ ഭൂനികുതി നൽകി വരുന്ന കർഷകന്റെ ഭൂമിയിൽ 1977 ൽ വനം വകുപ്പ് മലയോര മേഖലകളിലെ കൃഷിയിടങ്ങളിലും മറ്റും ഏകപക്ഷീയമായി സർവേ നടത്തുകയും നോട്ടിഫിക്കേഷനും ചെയ്തു.
ഇതോടെയാണ് കർഷകന്റെ കൈവശഭൂമി വനഭൂമിയായി മാറിയതെന്നാണ് പറയുന്നത്. ഭൂമിയുടെ മധ്യഭാഗത്താണ് വനം വകുപ്പിന്റെ സർവേ കല്ല് സ്ഥാപിച്ചിട്ടുള്ളത്. വനംവകുപ്പ് ഈ വിഷയങ്ങളിൽ റീ നോട്ടിഫിക്കേഷൻ നടത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
സ്ഥലം സന്ദർശിച്ച കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സംയുക്ത കർഷക സമരസമിതി നേതാവ് ജിതേഷ് മുതുകാട്, വി ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ, ഇൻഫാം നേതാവ് എം.എ. മത്തായി, കേരളാ കോൺഗ്രസ്-എം നേതാവ് ബേബി കാപ്പുകാട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഐപ്പ് വടക്കേത്തടം, ജില്ലാ സെക്രട്ടറി അഡ്വ. ബാബു ജോൺ,സണ്ണി പാരഡൈസ്, തോമസ് വെളിയംകുളം, പഞ്ചായത്തംഗങ്ങളായ ജെസി ജോസഫ്, ഒ.കെ. അമ്മദ്, വിത്സൺ പാത്തിച്ചാലിൽ എന്നിവരുമായി വനം-റവന്യു ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ 23ന് കർഷകന്റെ ഭൂമിയിൽ സംയുക്ത സർവേ നടത്തി വനം വകുപ്പും, റവന്യു വകുപ്പും പ്രത്യേകം റിപ്പോർട്ടുകൾ തയാറാക്കി നൽകാനും ചർച്ചയിൽ തീരുമാനമായി.
താലൂക്ക് സർവേയർ സി.ആർ. ശ്രീലാൽ, വിലേജ് ഓഫീസർ കെ. ഹരിദാസൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ സി. വിജിത്ത്, ഫോറസ്റ്റ് സർവേയർ കെ. മനോജൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.