കൂടരഞ്ഞിയെ മാലിന്യമുക്തമാക്കാൻ സർവകക്ഷിയോഗം ചേർന്നു
1338889
Thursday, September 28, 2023 12:56 AM IST
കൂടരഞ്ഞി: കേരളത്തെ സന്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാംസ്കാരിക സംഘടനകളുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു.
വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ജിജി കട്ടക്കയം, മുഹമ്മദ് പാതിപറന്പിൽ, അബ്ദുൾ ജെബ്ബർ, ടോമി മണിമല, ജോണി പ്ലക്കാട്, വിവിധ സ്കൂൾ ഹെഡ്മാസ്റ്റർമാർ, വ്യാപാരിപ്രതിനിധികൾ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
2024 ജനുവരിയോടു കൂടി കൂടരഞ്ഞിയെ പരിപൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റാൻ എല്ലാവരും പിന്തുണ അറിയിച്ചു. ഇതിന്റെ ഭാഗമായി കർമ പദ്ധതികൾ തയാറാക്കി പ്രവർത്തനം ആരംഭിച്ചു.
ഒക്ടോബർ രണ്ടിന് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ശുചീകരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.