കൈയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ: നേരറിയാൻ മെഡിക്കൽ ബോർഡ് ജൂണ്‍ ഒന്നിനു ചേരും
1425350
Monday, May 27, 2024 7:19 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിയുടെ കൈയിലെ ആറാംവിരൽ നീക്കുന്നതിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ജൂണ്‍ ഒന്നിന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് കേസ് പരിശോധിക്കും. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ അസോസിയേറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസിന്റെ ആവശ്യപ്രകാരമാണ് ആരോഗ്യവകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ, ഡ്യൂട്ടി രജിസ്റ്റർ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ എന്നിവർ പോലീസിന് നൽകിയ മൊഴി തുടങ്ങിയവ മെഡിക്കൽ ബോർഡ് യോഗം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഡിഎംഒയ്ക്ക്, അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർനടപടികൾ.
ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്യുന്നതിന് പകരം നാവിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യം ഡോക്ടർ മാപ്പു പറഞ്ഞുവെന്നും പിന്നീട് ആറാം വിരൽ നീക്കം ചെയ്തുവെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. പിന്നീട് സംഭവം വിവാദമായപ്പോൾ കുട്ടിയെ പരിശോധിച്ചപ്പോൾ നാവിൽ കെട്ട് കണ്ടുവെന്നും അത് അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്തുവെന്നുമാണ് ഡോക്ടർ പ്രതികരിച്ചത്.
നാവിന് കെട്ടുള്ളതായി ഡോക്ടർ കുട്ടിയുടെ മാതാപിതാക്കളോടു പറയുകയോ നാവിലെ ശസ്ത്രക്രിയയ്ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങുകയോ ചെയ്തിട്ടില്ല. കുട്ടിയുടെ നാവിൽ കെട്ടുണ്ടായിരുന്നുവെന്ന ഡോക്ടറുടെ വാദത്തിൽ കഴന്പുണ്ടോയെന്നു മെഡിക്കൽ ബോർഡ് പരിശോധിക്കും.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ ചികിത്സാ രേഖകളിൽ നാവിന് കെട്ടുള്ളതായി രേഖപ്പെടുത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ പോലീസ് കേസിൽ നിർണായകമാകും. നിലവിൽ മെഡിക്കൽ നെഗ്ളിജെൻസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടറുടെ വാദം തെറ്റാണെന്നു മെഡിക്കൽ ബോർഡ് വിലയിരുത്തിയാൽ മറ്റു വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് തീരുമാനം.