മലയോര ഹൈവേ: കൂരാച്ചുണ്ട് ടൗണിലെ തടസം നീക്കാൻ ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്ന് ആക്ഷൻ കമ്മിറ്റി
1460915
Monday, October 14, 2024 4:53 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരത്തിലുള്ള ഏതാനും കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചു നീക്കുന്നതിനായി കെട്ടിട ഉടമകളിൽ നിന്നുള്ള സമ്മതപത്രം വാങ്ങുന്ന കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രംഗത്തിറങ്ങി റോഡ് യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ടിൽ പലതവണ പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ കെട്ടിട ഉടമകളിൽ നിന്നുള്ള സമ്മതപത്രം വാങ്ങുന്നതിന് തീരുമാനമാവുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തോളമായിട്ടും സമ്മതപത്രം പൂർണമായും ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്നില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതിനായി സമ്മതപത്രം നൽകിയവരുടെയും നൽകാത്തവരുടെയും നൽകാൻ സാധ്യതയുള്ളവരുടെയും ലിസ്റ്റ് പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തണം.
ഇതിനായി എത്ര കെട്ടിട ഉടമകളുടെ സമ്മതപത്രം മലയോര ഹൈവേ വിഭാഗത്തിന് കൈമാറിയെന്നുള്ളത് സംബന്ധിച്ച രേഖകളും പ്രസിദ്ധപ്പെടുത്തണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര ഹൈവേ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെങ്കിൽ ഇക്കാര്യത്തിൽ എംഎൽഎയ്ക്ക് ഉത്തരവാദിത്വമുള്ളതിനാൽ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് അതിനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
ഈ വിഷയത്തിൽ പഞ്ചായത്ത് നടത്തുന്ന അലംഭാവത്തിനെതിരേ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്താത്തത് സംശയാസ്പദമാണെന്നും ആരോപിച്ചു. ഭൂമിയും കെട്ടിടവും വിട്ടുനൽകാൻ സമ്മതപത്രം നൽകിയവർ വാടക പോലും ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
നാടിന്റെ വികസനം രാഷ്ട്രീയ ഫണ്ടിംഗ് ഏജൻസികൾക്ക് പണയപ്പെടുത്തുന്ന കൂട്ടുകെട്ടിനെതിരേ ശക്തമായ സമരങ്ങൾക്ക് മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി രൂപം നൽകുമെന്നും അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചെയർമാൻ ജോസഫ് വെട്ടുകല്ലേൽ, എ.കെ. പ്രേമൻ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, സൂപ്പി തെരുവത്ത്, ഖാലിദ് കൊല്ലിയിൽ, എൻ.കെ. മജീദ് എന്നിവർ പങ്കെടുത്തു.