വയനാടിന് മാത്രമായി പദ്ധതി പ്രഖ്യാപിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി
1265271
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വയനാടിനു മാത്രമായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ വന്യജീവി പ്രതിരോധത്തിനു വകയിരുത്തിയ തുക അപര്യാപ്തമാണ്. ജില്ലയിൽ വന്യജീവി ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധത്തിനു മതിയായ തുക വകയിരുത്താത്തതും പ്രത്യേക പദ്ധതി പ്രഖ്യാപിക്കാത്തതും പ്രതിഷേധാർഹമാണ്.
ബജറ്റിൽ വകയിരുത്തിയ 50.85 കോടി രൂപയിൽ റാപിഡ് റെസ്പോണ്‍സ് ടീമിനുള്ള വിഹിതം കഴിച്ചാൽ വീതം വയ്പ്പിൽ ജില്ലയ്ക്കു നാമമാത്ര തുകയാണ് ഉണ്ടാകുക. സംസ്ഥാനത്തിന് മൊത്തം വകയിരുത്തിയതിന്റെ ഇരട്ടി തുക ജില്ലയിൽ മാത്രം വേണ്ടിവരും. വനം വകുപ്പിൽ 14 ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരെ ആവശ്യമുണ്ടെങ്കിലും നാല് പേരാണ് ഉള്ളത്. റാപിഡ് റെസ്പോണ്‍സ് ടീം അഞ്ച് യൂണിറ്റെങ്കിലും ആവശ്യമാണ്. എന്നാൽ ജില്ലയിലെ ആർആർ ടീമാണ് സംസ്ഥാനമാകെ റസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെടുന്നത്.
കൂടുതൽ ആർആർ ടീം രൂപീകരിക്കുന്നതു സംബന്ധിച്ച് ബജറ്റിൽ പരാമർശമില്ല. വയനാടൻ കാടുകളടെ ആവാസവ്യവസ്ഥപുരുജ്ജീവനത്തിനു പദ്ധതി ബജറ്റിൽ കാണുന്നില്ല. കൂടുതൽ വന്യമൃഗ അഭയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നിർദേശമില്ല.
വന്യജീവികളുടെ കാടിറക്കം തടയുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യത്തിനു പരിഗണന ലഭിച്ചില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അന്പലവയൽ, ബാബു മൈലന്പാടി, പി.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.