ഭൂഗര്‍ഭ ജലനിരപ്പ് ഉയർത്താൻ വിപുലമായ പദ്ധതികള്‍ നടപ്പാക്കും
1576364
Thursday, July 17, 2025 12:41 AM IST
കണ്ണൂർ: ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി കിണര്‍ റീചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളം കര്‍മ്മപദ്ധതി ജില്ലാ മിഷന് യോഗം തീരുമാനിച്ചു.
ജില്ലയിലെ പാനൂര്‍, തലശേരി, കണ്ണൂര്‍, മട്ടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭകളിലും ജല ചൂഷണം വര്‍ധിക്കുന്നുവെന്നും ഈ പ്രദേശങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക വിഭാഗമായി പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്ന നാഷണല്‍ കോംപാലിയേഷന് ഓണ്‍ ഡൈനാമിക് ഗ്രൗണ്ട് വാട്ടര്‍ റിസോഴ്സ്സ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാതല ജല ബജറ്റ് ഉടനെ തയാറാക്കാനും നവകേരളം കർമ പദ്ധതി യോഗം തീരുമാനിച്ചു.
മാപ്പത്തോണ്‍ മാപ്പിംഗ് പൂര്‍ത്തീകരിച്ച ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി ആവിഷ്കരിക്കാനും ധാരണയായി. യോഗത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.