സഹ. സംഘത്തിലെ കോടികളുടെ തട്ടിപ്പ്: സെക്രട്ടറി അറസ്റ്റിൽ
1576378
Thursday, July 17, 2025 12:42 AM IST
ചക്കരക്കൽ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽനിന്നു കോടികൾ തട്ടിയ സംഭവത്തിൽ സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ. പാനേരിച്ചാൽ കക്കോത്ത് സ്വദേശി ഇ.കെ. ഷാജിയെയാണ് ചക്കരക്കൽ സിഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത്. കണ്ണൂർ ജില്ലാ ബിൽഡിംഗ് മെറ്റീരിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുകയിൽ തിരിമറി നടത്തിയ കേസിലാണു അറസ്റ്റ്. അറ്റൻഡർ പാതിരിയാട് പടുവിലായിലെ കെ.കെ. ഷൈലജയ്ക്കെതിരെയും ജില്ലാ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ പി.വി. വത്സരാജിന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
2023-24 സാമ്പത്തിക വർഷത്തിലെ ഓഡിറ്റിംഗിൽ സൊസൈറ്റി അംഗങ്ങളിൽനിന്നു സ്വീകരിച്ച നിക്ഷേപത്തുകയിൽനിന്ന് സെക്രട്ടറിയുടെ ചുമതല വഹിച്ച ഒന്നാം പ്രതി 7,83,98,121 രൂപയും രണ്ടാം പ്രതി അറ്റൻഡർ 21,00,530 രൂപയും കൈവശപ്പെടുത്തുകയും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാതെ വിശ്വാസവഞ്ചന ചെയ്തുവെന്നായിരുന്നു പരാതി. നിക്ഷേപകർ സംഘം ചേർന്നു മറ്റൊരു പരാതിയും പോലീസിൽ നൽകിയിരുന്നു. കേസെടുത്തതിന് പിന്നാലെ സെക്രട്ടറി ഒളിവിലായിരുന്നു.