കുളത്തിൽ മുങ്ങിത്താഴ്ന്ന് അബോധാവസ്ഥയിലായ യുവാവിനെ ജീവിതത്തിലേക്ക് കരകയറ്റി ടെക്കി
1576383
Thursday, July 17, 2025 12:42 AM IST
കണ്ണൂർ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന് അബോധാവസ്ഥയിലായ യുവാവിനെ ജീവിതത്തിലേക്ക് അതിസാഹസികമായി പിടിച്ചുകയറ്റി ഐടി പ്രഫഷണലായ യുവാവ്. ഇന്നലെ രാവിലെ പതിനൊന്നോടെ പള്ളിക്കുന്ന് തയ്യിൽ തറവാട് കുളത്തിലായിരുന്നു സംഭവം. കണ്ണൂർ ഹൈറ്റ്സിലെ താമസക്കാരനായ ശ്രീകാർത്തിക് സനോജിനാണ് (22) കുളത്തിനു സമീപത്തെ താമസക്കാരനും ബംഗളൂരുവിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ അഷിനിന്റെ (32) സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
പതിവായി നീന്തൽ പരിശീലനം നടക്കാറുള്ള കുളത്തിൽ ഇന്നലെ ആരുമില്ലാതിരുന്ന സമയത്താണ് ശ്രീകാർത്തിക് സനോജും രണ്ടു സുഹൃത്തുക്കളും നീന്താനെത്തിയത്. നീന്തുന്നതിനിടെ പേശീവലിവ് അനുഭവപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വയ്ക്കുന്നതു കേട്ട് ഓടിയെത്തിയ തൊട്ടടുത്ത വീട്ടിലെ അഷിൻ വെള്ളത്തിനടിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശ്രീകാർത്തികിനെ ഞൊടിയിടയിൽ പൊക്കിയെടുത്ത് കരയ്ക്കെത്തിക്കുകയായിരുന്നു.
ഇതിനിടെ സമീപത്തെ വീട്ടുകാരി ശുഭ അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചിരുന്നു. എന്നാൽ അഗ്നിരക്ഷാ സേനയെത്തുന്പോഴേക്കും അഷിൻ യുവാവിനെ കരയ്ക്കെത്തിച്ച് സിപിആർ ഉൾപ്പടെയുള്ള പ്രഥമ ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരുന്നു.
""ഏറെ നേരം സിപിആർ നൽകിയിട്ടും പ്രതികരണമുണ്ടാകാതിരുന്നപ്പോൾ ഭയന്നു പോയെങ്കിലും സിപിആർ ചെയ്യുന്നത് തുടർന്നതോടെ ചെറിയ ചലനമുണ്ടായത് പ്രതീക്ഷയ്ക്ക് വക നൽകി.
ഇതിനിടെ അഗ്നിരക്ഷാസേന കൂടിയെത്തിയത് ആശ്വാസമായി. അഗ്നിരക്ഷാ സേനാംഗങ്ങളും പ്രഥമ ശുശ്രൂഷ നൽകുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.''
കണ്ണൂർ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അഷിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്നും അഷിനെ അഭിനന്ദിക്കുന്നതായും അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. അഷിനെ കെ.വി. സുമേഷ് എംഎൽഎ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.