വീണ്ടും ഫൈബര്‍ ഓടം മറിഞ്ഞു; മണല്‍ത്തിട്ട നീക്കാന്‍ മത്സ്യത്തൊഴിലാളികള്‍
1576382
Thursday, July 17, 2025 12:42 AM IST
പയ്യന്നൂര്‍: പാലക്കോട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് ഇന്നലെയും ഫൈബര്‍ ഓടം മറിഞ്ഞ് അപകടം. എട്ടിക്കുളം സ്വദേശി മുഹമ്മദ് ഹാജിയുടെ ഫൈബര്‍ ഓടമാണ് മറിഞ്ഞത്. ഭീഷണിയായി മാറിയ മണല്‍ത്തിട്ട നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചെലവിൽ മണല്‍ത്തിട്ട നീക്കം ചെയ്യൽ തുടങ്ങി.
ഇന്നലെ രാവിലെ എട്ടേമുക്കാലോടെയാണ് മണല്‍ത്തിട്ടയിലിടിച്ച് വീണ്ടും ഫൈബര്‍ ഓടം മറിഞ്ഞ് അപകടമുണ്ടായത്. പാലക്കോട് ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ മണൽതിട്ടയിലിടിച്ച് ഹാജിയുടെ അല്‍ മിന്ന എന്ന ഫൈബര്‍ ഓടം മറിയുകയായിരുന്നു. പത്തോളം തൊഴിലാളികളാണ് ഓടത്തിലുണ്ടായിരുന്നത്. ഇവരില്‍ എട്ടിക്കുളം പള്ളിക്കോളനിയിലെ അബ്ദുള്‍ റഹ്മാന്, ചിറ്റടിയിലെ രതീഷ് എന്നിവര്‍ക്ക് സിസാര പരിക്കേറ്റു. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്‍പതടിയോളം നീളമുള്ള ഫൈബര്‍ ഓടം വടംകെട്ടി വലിച്ചുകയറ്റാനുള്ള തൊഴിലാളികളുടെ ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മണല്‍ നീക്കുന്നതിനായി കൊണ്ടുവന്ന ഹിറ്റാച്ചിയില്‍ ബന്ധിപ്പിച്ച് വലിച്ചു കയറ്റുകയറ്റാന് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള മുന്നൂറോളം പേര് കൂടുതല്‍ വടങ്ങള്‍ കെട്ടിയാണ് പത്തേകാലോടെ ഓടം വലിച്ച് കരയ്ക്കടുപ്പിച്ചത്.
കടലില്‍വീണ ഓടത്തിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് എൻജിനുകളും വല വലിച്ചുകയറ്റുന്നതിനുള്ള വീഞ്ചും വലകളും മറ്റുപകരണങ്ങളും മത്സ്യത്തൊഴിലാളികള്‍ വീണ്ടെടുത്തെങ്കിലും എല്ലാം തകര്‍ന്ന നിലയിലാണുള്ളത്. തകര്‍ന്ന ഓടം ശരിയാക്കുന്നതിനും ലക്ഷങ്ങള്‍ ചെലവിടേണ്ടിവരുമെന്നതാണ് അവസ്ഥ.
ചൊവ്വാഴ്ച വൈകുന്നരം മറ്റൊരു ഓടം അപകടത്തില്‍പ്പെട്ടിരുന്നു. പുതിയങ്ങാടിയിലെ അലോഷ്യസിന്റെ വള്ളം മണല്‍ത്തിട്ടയിലിടിച്ച് അടിഭാഗം തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. കടലില്‍ മുങ്ങിത്താഴുന്നതിന് മുമ്പായി സമീപത്തുണ്ടായിരുന്ന സൈന്‍ എന്ന വള്ളത്തിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട തൊഴിലാളികളേയും തൊഴിലുപകരണങ്ങളും രക്ഷപ്പെടുത്തുകയായിരുന്നു. കോസ്റ്റല്‍ പോലീസാണ് ഓടം കെട്ടിവലിച്ച് കരയ്ക്കെത്തിച്ചത്.
അധികൃതര്‍ കനിഞ്ഞില്ല; ഒടുവില്‍
മത്സ്യത്തൊഴിലാളികള്‍ രംഗത്ത്
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 26.60 കോടി രൂപ ചെലവില്‍ പണിതിട്ടും പണിതിട്ടും പൂര്‍ത്തീകരിക്കാത്ത പാലക്കോട് വലിയകടപ്പുറം അഴിമുഖത്തെ പുലിമുട്ടിനരികില് രൂപപ്പെട്ട മണല്‍ത്തിട്ടയാണ് രണ്ട് ദിവസങ്ങളിലായി അപകടങ്ങൾക്കിടയാക്കിയത്. വേലിയേറ്റത്തില്‍ മണല്‍ത്തിട്ട വെള്ളത്തില്‍ മൂടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
പുഴയില്‍നിന്നു വെള്ളമൊഴുകി പോകാനുള്ള വഴി മാത്രമാണ് അവശേഷിച്ചിരുന്നത്. വേലിയറക്കത്തില്‍ മാത്രമേ ആഴമുള്ള സ്ഥലം തിരിച്ചറിയാന്‍ പറ്റുമായിരുന്നുള്ളൂ.
മത്സ്യത്തൊഴിലാളികള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ ഇക്കാര്യമുന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അധികൃതരുടെ കനിവ് കാണാതെ വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍തന്നെ ഇതിനൊരു പരിഹാരം കാണാന്‍ മുന്നോട്ടുവരികയായിരുന്നു.
പുതിയങ്ങാടിയിലേയും പാലക്കോട്ടേയും മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയായ കടക്കോടതികള്‍ ഇരിട്ടിയില്‍നിന്നും കൊണ്ടുവന്ന വലിയ ഹിറ്റാച്ചികളുപയോഗിച്ച് മണല്‍ത്തിട്ട നീക്കം ചെയ്യുന്ന പ്രവര്‍ത്തി ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ മണല്‍ നീക്കുന്ന പ്രവര്‍ത്തിക്ക് മാത്രമായി ഒരുലക്ഷത്തിലേറെ രൂപയാണ് ചെലവഴിക്കേണ്ടി വന്നത്.