നൂറുദിന കർമ പരിപാടികളുമായി പയ്യാവൂർ പഞ്ചായത്ത്
1576368
Thursday, July 17, 2025 12:41 AM IST
പയ്യാവൂർ: പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി ശേഷിക്കേ വികസനത്തിന് വേഗത കൂട്ടാൻ നൂറുദിന കർമ പരിപാടിയിലൂടെ 40 പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കാൻ പയ്യാവൂർ പഞ്ചായത്ത് . 21 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവാണ് ഇതിനായി ഉദ്ദേശിക്കുന്നത്.
സമ്പൂർണ ഭവന പദ്ധതി നടപ്പാക്കൽ, സൗരോർജ തൂക്കുവേലി രണ്ടാം ഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ചാർജ് ചെയ്യുക. ബഡ്സ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പൂർത്തീകരണം, ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാരുടെ ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിക്കൽ, ബഡ്സ് സ്കൂളിന് സ്കൂൾ ബസ് വാങ്ങൽ, പൊന്നുംപറമ്പ്, ചന്ദനക്കാംപാറ സ്റ്റേഡിയങ്ങളുടെ ആധുനികവൽകരണ പ്രവർത്തനങ്ങൾ, ചന്ദനക്കാംപാറ, വഞ്ചിയം പി എച്ച്സി കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികൾ, സ്ത്രീകൾക്ക് യോഗ പരിശീലനം, സീറോ അനീമിക് പഞ്ചായത്ത് പ്രവർത്തനങ്ങൾ, കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമ വിധേയമായി നിഗ്രഹിക്കാൻ തോക്കുടമകൾക്ക് ഷൂട്ടർ ലൈസൻസും അനുമതിയും നൽകൽ, കണ്ടകശേരി പാലത്തിന് കൈവരി സ്ഥാപിക്കൽ, കാഞ്ഞിരക്കൊല്ലിയിൽ വന സംരക്ഷണ സമിതി രൂപീകരണം എന്നിവയടക്കം 40 പദ്ധതികളാണ് ലക്ഷ്യമാക്കുന്നത്.
പയ്യാവൂർ പട്ടയമേളയുടെ ഭാഗമായി പഞ്ചായത്ത് ഏർപ്പെടുത്തിയ ഹെൽപ് ഡെസ്കിലൂടെ നിരവധി അപേക്ഷകൾ സുതാര്യമായി ലാൻഡ് ട്രിബ്യൂണലിലേക്ക് എത്തിച്ച് വരികയാണ്. ജില്ലയിലെ ഏകസ്ഥരുടെ സംഘടനയുടെ സഹകരണത്തോടെ "പയ്യാവൂർ മാംഗല്യം' എന്ന പേരിൽ സമൂഹ വിവാഹം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.