നവംബറോടെ എല്ലാവർക്കും റവന്യു ഡിജിറ്റൽ കാർഡ്: മന്ത്രി കെ. രാജൻ
1576373
Thursday, July 17, 2025 12:42 AM IST
തലശേരി: നവംബർ മാസത്തോടെ റവന്യു ഡിജിറ്റൽ കാർഡ് എല്ലാവരുടെയും കൈകളിലേക്ക് എത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. തലശേരി സബ് കളക്ടർ ഓഫീസിൽ പുതുതായി നിർമിച്ച വീഡിയോ കോൺഫറൻസ് ഹാൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടക്കുമ്പോൾ ആധുനിക സംവിധാനങ്ങൾ ഉണ്ടാവണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമല്ല വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റവും വേഗതയിലും ഏറ്റവും കൂടുതൽ ജനങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺഫറൻസ് ഹാൾ നിർമിച്ചത്.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.ശിലാഫലകം സ്പീക്കർ നിർവഹിച്ചു. ജില്ലാ നിർമിതി കേന്ദ്ര പ്രൊജക്ട് മാനേജർ കെ. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കണ്ണൂർ എഡിഎം. കല ഭാസ്കർ, തലശേരി തഹസിൽദാർ എം.വിജേഷ്, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് പി പ്രേംരാജ് എന്നിവർ പങ്കെടുത്തു.