മാനന്തവാടി -മട്ടന്നൂർ എയർപോർട്ട് റോഡ് അലൈൻമെന്റിൽ വ്യത്യാസം; കല്ലിടൽ നിർത്തി
1278312
Friday, March 17, 2023 12:54 AM IST
കേളകം: നിര്‍ദിഷ്ട മാനന്തവാടി - മട്ടന്നൂര്‍ നാലുവരിപ്പാതയുടെ ഭാഗമായി ബൈപ്പാസ് റോഡുകളുടെ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി താത്കാലികമായി നിര്‍ത്തിവച്ചു. ആദ്യഘട്ടത്തില്‍ കേളകം പഞ്ചായത്തിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് അലൈൻമെന്റിലുണ്ടായ വ്യത്യാസത്തെ തുടർന്ന് താത്കാലികമായി നിർത്തിയത്. ബുധനാഴ്ചയായിരുന്നു അതിരുകല്ലുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
എന്നാല്‍, റോഡിന്റെ അലൈമെന്റിൽ ടെലിഫോണ്‍ എക്സേഞ്ചിന് സമീപത്തുള്ള പ്രദേശത്ത് നിലവില്‍ വ്യത്യാസമുണ്ടെന്നാണ് പരാതി. അലൈമെന്റിൽ മാറ്റം വന്നതോടെ കേളകം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടാണ് അതിരുകല്ലുകള്‍ സ്ഥാപിക്കുന്നത് താത്കാലികമായി നിർത്തിവയ്പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തും. രണ്ട് ദിവസം കൊണ്ട് കേളകം പഞ്ചായത്തിലെ ബൈപ്പാസിന്റെ അതിരുകല്ലുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ തടസമുണ്ടായ പശ്ചാത്തലത്തില്‍ പ്രവൃത്തി നീണ്ടുപോകാനാണ് സാധ്യത. കേളകം വില്ലേജ് ഓഫീസിന് സമീപത്തുനിന്നുമാരംഭിച്ച് മഞ്ഞളാംപുറം യു.പി സ്കൂളിന് സമീപം അവസാനിക്കുന്ന രീതിയില്‍ 1.2 കിലോമീറ്റര്‍ നീളത്തിലാണ് കേളകത്ത് ബൈപാസ് നിര്‍മിക്കുക.
പേരാവൂര്‍ ബൈപ്പാസ് റോഡിന്റെ അതിരുകല്ലിടുന്നത് അടുത്ത ആഴ്ച ആരംഭിക്കും. തുടര്‍ന്ന് മാലൂര്‍ ബൈപ്പാസ് റോഡിനും അതിരുകല്ലിടും. 26 മീറ്ററാണ് ബൈപ്പാസ് റോഡിന്റെ വീതി. ജെ ആൻഡ് ജെ എന്ന കമ്പനിയാണ് കല്ലിടൽ പ്രവൃത്തി നടത്തുന്നത്. ഈ മാസം അവസാനത്തോടെ നാലുവരിപ്പാതയുടെ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാനാണ് നീക്കം. ബൈപ്പാസിന്റെ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് കഴിയുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷയാണുള്ളതെന്ന് കെആര്‍എഫ്ബി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.സജിത്ത് പറഞ്ഞു.
നിലവില്‍ ബൈപ്പാസ് റോഡ് ഒഴികെയുള്ള ഭാഗത്തെ അതിരുകല്ലുകള്‍ സ്ഥാപിക്കുന്നത് പൂർത്തിയായി. കിഫ്ബി വഴി 964.72 കോടി രൂപയാണ് പാതയുടെ സ്ഥലമേറ്റെടുപ്പിന് അനുവദിച്ചിരിക്കുന്നത്. 63.5 കി.മി ദൈര്‍ഘ്യമുള്ള പാത മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നുമാരംഭിച്ച് ബോയ്സ് ടൗണ്‍- പാല്‍ചുരം - പേരാവൂര്‍ - ശിവപുരം വഴിയാണ് കടന്നുപോകുന്നത്.
ഇതില്‍ മട്ടന്നൂര്‍ മുതല്‍ അമ്പായത്തോട് വരെയുള്ള 40 കിലോമീറ്റർ ദൂരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍മിക്കുക. അമ്പായത്തോട് മുതല്‍ മാനന്തവാടി വരെയുള്ള പാത മലയോര ഹൈവേയിലും ഉള്‍പ്പെടും.