ജനങ്ങള്ക്ക് പോലീസിനെയും മോട്ടോര്വാഹന വകുപ്പിനെയും ഭയപ്പെടേണ്ട അവസ്ഥയെന്ന് ലീഗ്
1281251
Sunday, March 26, 2023 7:06 AM IST
കാസര്ഗോഡ്: ഏപ്രില് ഒന്നു മുതല് വരാനിരിക്കുന്ന നികുതി കൊള്ളക്ക് മുന്നോടിയായി മോട്ടോര്വാഹന വകുപ്പിനെയും പോലീസിനെയും ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ജനങ്ങളില് നിന്നും പിഴിഞ്ഞെടുക്കാനുള്ള സര്ക്കാര് നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി എ.അബ്ദുല് റഹ്മാന് പറഞ്ഞു.
വിലക്കയറ്റം കൊണ്ടും ക്രമാതീതമായ ജീവിതച്ചെലവുകള് കൊണ്ടും പൊറുതിമുട്ടിയ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. വീട്ടില്നിന്ന് പുറത്തിറങ്ങിയാല് ഗുണ്ടകളുടെ പിരിവിനെ പോലെ പോലീസിനെയും മോട്ടോര്വാഹന വകുപ്പിനേയും ഭയപ്പെടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്ക്കാരിന്റെ ധൂര്ത്തിനും കെടുകാര്യസ്ഥതക്കുമുള്ള പിഴയാണ് ജനങ്ങള് ചുമക്കേണ്ടിവരുന്നതെന്ന് അബ്ദുല് റഹ്മാന് പറഞ്ഞു.