പെട്രോള്‍പമ്പില്‍ നിന്ന് പണം കവര്‍ന്ന മോഷ്ടാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി കടന്നു
1298551
Tuesday, May 30, 2023 1:25 AM IST
കുമ്പള: പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി മോഷ്ടാവ് കടന്ന് കളഞ്ഞു.
കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോള്‍ പമ്പ് ഓഫീസിന്റെ പിറക് വശത്തെ ജനൽ കമ്പികള്‍ മുറിച്ച് മാറ്റിയതിന് ശേഷം മേശ വലിപ്പിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് സമീപത്തെ കാര്‍ത്തിക്കിന്റെ വീടിന്റെ ഗേറ്റ് പൂട്ട് തകര്‍ത്താണ് മുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 14 ജെ 5971 നമ്പര്‍ പാഷന് പ്രോ ബൈക്കില്‍ കടന്നുകളഞ്ഞത്.
ശനിയാഴ്ച്ച രാത്രി 12 ഓടെയാണ് കവര്‍ച്ച. ഓഫീസിനകത്തെ രണ്ടു സിസിടിവി കാമറകളില്‍ ഒരെണ്ണം തിരിച്ചുവെച്ച നിലയിലാണ്. മറ്റൊരു കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയണിഞ്ഞാണ് കവര്ച്ചയ്ക്കെത്തിയത്.
മൂന്നുമാസത്തിനിടെ എട്ടു കവര്‍ച്ചകളാണ് കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്നത്. കുമ്പള ടൗണില്‍ മൂന്നു കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നിരുന്നു. കളത്തൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും അംഗഡിമുഗറില്‍ വീട്ടില്‍ സൂക്ഷിച്ച ഏഴു ക്വിന്റല്‍ അടയ്ക്കയും കവരുകയുണ്ടായി. അടയ്ക്ക കവര്‍ന്ന വീടിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ കടത്തി കൊണ്ടുപോവുകയുമുണ്ടായി. പിക്കപ്പ് വാന്‍ ഉടമ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. രാത്രി കാലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം നടക്കുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു. കുമ്പള ടൗണിലും സമീപത്തും നടന്ന അഞ്ചു കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരാള്‍ തന്നെ എന്നാണ് പോലീസിന്റെ നിഗമനം.