ഗോത്ര കവിസംഗമം നടത്തി
1457389
Sunday, September 29, 2024 1:43 AM IST
വെള്ളരിക്കുണ്ട്: തീക്കാറ്റിൽ പിറന്ന കവിതകളുടെ അകപ്പൊരുളുകൾ പങ്കുവെച്ചുകൊണ്ട് മലയോര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഗോത്ര കവിസംഗമം നടത്തി. സ്വത്വബോധത്തിന്റെ കലയും സാഹിത്യവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സംവാദവും നടത്തി.
ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ "കാട് ആരത്' എന്ന കവിതയെഴുതിയ പ്രകാശൻ ചെന്തളം, വിവിധ സർവകലാശാലകളുടെ പാഠപുസ്തകങ്ങളിൽ ഇടം നേടിയ ധന്യ വേങ്ങച്ചേരി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗോത്രകവിതകളുടെ രചയിതാവ് ലിജിന കടുമേനി, സുരേഷ് എം. മഞ്ഞളംബര, ബാലകൃഷ്ണൻ കിഴക്കേടത്ത്, സുധി ചെന്നടുക്കം, രമ്യ ബാലകൃഷ്ണൻ, രാജി രാഘവൻ, പപ്പൻ കുളിയൻമരം, അംബിക പൊന്നത്ത്, കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനി ഗ്രീഷ്മ കണ്ണോത്ത് എന്നിവർ എഴുത്തനുഭവങ്ങൾ വിവരിച്ചു.
എളേരിത്തട്ട് ഗവ. കോളജ് മലയാളവിഭാഗത്തിലെ ഡോ. പി.സി. അഷറഫ് കവികളെ ആദരിച്ചു. കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.സി. രഘുനാഥൻ, സാംസ്കാരിക വേദി പ്രസിഡന്റ് ബാബു കോഹിനൂർ, കോ-ഓർഡിനേറ്റർ പി.പി. ജയൻ, കെ. ഹരികൃഷ്ണൻ, സണ്ണി പൈകട, സെബാസ്റ്റ്യൻ നരിക്കുഴി, ബേബി ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.