ടോറസ് ഇടിച്ച് മിനിലോറി ഡ്രൈവർ മരിച്ചു
1592970
Friday, September 19, 2025 10:26 PM IST
കൊല്ലം: തെന്മലയിൽ ടോറസും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനിലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് വെല്ലൂർ സ്വദേശിയും മിനിലോറിയുടെ ഉടമയും കൂടിയായ ശിവശങ്കരൻ (57) ആണ് മരിച്ചത്.
വ്യാഴം രാത്രി 11.45 ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല കെഐപി ജംഗ്ഷനിലെ പാലത്തിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നും തെങ്കാശിക്ക് പോയ ടോറസുമായാണ് എതിരേ വന്ന മിനിലോറി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്ന ശിവശങ്കരനെ ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.
പിന്നീട് പുനലൂരിൽ നിന്നും അഗ്നിശമന സേനാ വിഭാഗം എത്തി ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.