വന്യമൃഗ ശല്യം; ഡാലിക്കരിക്കം നിവാസികൾക്ക് നഷ്ടപരിഹാരം നൽകിയില്ല
1593188
Saturday, September 20, 2025 6:48 AM IST
കുളത്തൂപ്പുഴ: വന്യമൃഗങ്ങൾ കൃഷി നാശമുണ്ടാക്കി ജീവിതം ദുരിത പൂർണമായ ഡാലിക്കരിക്കം നിവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഉള്ള നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധം ഉയരുന്നു.
കുളത്തൂപ്പുഴ പഞ്ചായത്തിൽ വനമേഖലയുടെ ഭാഗങ്ങളിൽ താമസിക്കുന്ന ഡാലിക്കരിക്കം നിവാസികളുടെ കൃഷി ഭൂമിയിൽ കൃഷി ചെയ്യുന്ന വസ്തുക്കൾ ആന, കാട്ടുപോത്ത് മുതലായ മൃഗങ്ങൾ നശിപ്പിക്കുന്നത് നിത്യസംഭവം ആയിരിക്കെയാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കാൻ അധികൃതർ തയാറാകാത്തത്.
കിഫ്ബി വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം വീതം ലഭിക്കുമെന്ന പ്രഖ്യാപനവുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മുമ്പ് പ്രദേശത്തെ മുപ്പത്തഞ്ചോളം കുടുംബങ്ങളിൽ നിന്നും രേഖകൾ ഒപ്പിട്ടുശേഖരിക്കുന്നത്.
പ്രദേശത്തെ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ പ്രായപൂർത്തിയായ മകനെയും മകളെയും പ്രത്യേക കുടുംബമായി കണക്കാക്കിയാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
സമീപപ്രദേശത്തെ മറ്റു സങ്കേതക്കാർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയെങ്കിലും വനം വകുപ്പിന്റെകടുംപിടിത്തവും പിടിവാശിയും മൂലം ഡാലിക്കരിക്കം നിവാസികളെ ബോധപൂർവം ഉപേക്ഷിക്കുകയായിരുന്നു.
സമീപപ്രദേശവാസികൾ എല്ലാം ആനുകൂല്യം വാങ്ങി ഒഴിഞ്ഞുപോയതോടെ ഇവിടെതാമസിക്കുന്നവർക്ക് കാട്ടുമൃഗങ്ങളുടെ നിരന്തര ശല്യം കാരണം ജീവിതം ദുസഹമായി മാറിയിരിക്കുകയാണ്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിയും കാട്ടാനയും ചെന്നായ കൂട്ടവും വിഹരിക്കുന്ന വനപാതയിലൂടെ വഴിനടക്കാനാവാത്ത അവസ്ഥയാണിപ്പോൾ. കാട്ടാനകളെ ഭയന്ന് കുട്ടികളെ സ്കൂളിൽ വിടാൻ പോലും പ്രദേശവാസികൾക്ക് കഴിയുന്നില്ല. വനാതിർത്തിയിലെ വീടുകൾ ആനക്കൂട്ടം തകർത്തതായും ഇവർ പറയുന്നു.
ഡാലിക്കരിക്കം പ്രദേശത്തെ ഭൂമികൾക്കെല്ലാം 1966ൽ സർക്കാർ പട്ടയം അനുവദിക്കുകയും കുളത്തൂപ്പുഴ വില്ലേജിൽ കരം ഒടുക്കിവരുന്നതുമാണ്. എന്നാൽ ആറുപതിറ്റാണ്ട് മുമ്പുള്ള പട്ടയ പകർപ്പ് ഉണ്ടെങ്കിൽ മാത്രമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് വനംവകുപ്പ്.
ഉദ്യോഗസ്ഥരുടെ ഈ പിടിവാശിയാണ് പ്രദേശവാസികൾക്ക് വിനയായി മാറിയിരിക്കുന്നത്. പട്ടയപകർപ്പിനായി താലൂക്ക് ഓഫീസിലടക്കം നാട്ടുകാർ കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസിലടക്കം നൽകിയ നിവേദനങ്ങൾ കൊണ്ടും ഗുണമുണ്ടായില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
അധികൃതരുടെ അവഗണനക്കൊപ്പം വർധിച്ചുവരുന്ന കാട്ടുമൃഗ ശല്യം സ്വൈര്യം കെടുത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.