അപകടം അരികെ... കൊല്ലം കെഎസ്ആർടിസി ഡിപ്പോ എപ്പോൾ വേണമെങ്കിലും നിലംപൊത്താം
1593178
Saturday, September 20, 2025 6:42 AM IST
അജി വള്ളിക്കീഴ്
കൊല്ലം: ദ്രവിച്ച് നിലംപൊത്താറായ കെട്ടിടത്തിലാണ് കൊല്ലത്ത് കെഎസ്ആർടിസി ഡിപ്പോ യുടെ പ്രവർത്തനം. ഡിപ്പോയ്ക്ക് പുതിയ കെട്ടിടം പണിയുന്നുണ്ടെന്നു സ്ഥലം എംഎൽഎയും കെഎസ്ആർടിസിയും പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ ദ്രവിച്ചു തുടങ്ങിയ കെട്ടിട ഭാഗങ്ങൾ യാത്രക്കാരുടെയും ജീവനക്കാരുടെയും മേൽ വീഴുമെന്ന അവസ്ഥയാണ് ബസ് ഡിപ്പോയ്ക്ക് ഇപ്പോഴുള്ളത്.
മുൻ വർഷങ്ങളിലെ ബജറ്റിൽ ഡിപ്പോ ആധുനിക രീതിയിൽ പുനർ നിർമിക്കാൻ കോടികൾ അനുവദിച്ചതല്ലാതെ ഒന്നും നടന്നില്ല. തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 15 കോടി അനുവദിച്ചിട്ടുണ്ടെന്ന് എം. മുകേഷ് പറഞ്ഞിരുന്നു. 2025 ൽ കെഎസ്ആർടി സി ഡിപ്പോ നിർമാണം ആരംഭിക്കുമെന്ന് എട്ടു മാസങ്ങൾക്കുള്ളിൽ മൂന്നു തവണയാണ് എം എൽ എ പറഞ്ഞത്. കെട്ടിടം പുനർ നിർമിക്കാനാണു പദ്ധതി എന്നതിനാൽ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ പോലും നടത്താതെ വന്നതോടെ കെട്ടിടം തീർത്തും അപകടാവസ്ഥയിലാണ്.
പുതിയ കെട്ടിട നിർമാണ പ്ലാൻ തയാറാക്കി കഴിഞ്ഞെന്നു മൂന്നു മാസങ്ങൾക്ക് മുൻപ് എംഎൽഎ പറഞ്ഞിരുന്നതാണ്. എന്നാൽ ഇതുവരെ ഡിപ്പോ കെട്ടിട പ്ലാൻ പോലും ആയിട്ടില്ലെന്നതാണ് യാഥാർഥ്യം. ബസ് ഡിപ്പോക്ക് ഏതു രീതിയിലുള്ള ഫൗണ്ടേഷൻ വേണമെന്ന കാര്യത്തിൽ പോലും സത്യത്തിൽ തീരുമാനം ആയിട്ടില്ല. ഏത് ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കും മുൻപ് നടത്തേണ്ട മണ്ണ് പരിശോധന നടപടികൾ പൂർത്തിയായിട്ടില്ല.
മണ്ണ് പരിശോധനക്ക് സ്വകാര്യ കമ്പനിയെ ആണ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഈ പരിശോധനയുടെ പേരിൽ മൂന്നു മാസങ്ങളാണ് തള്ളി നീക്കപ്പെട്ടത്. പരിശോധന ഫലം വന്നശേഷമാണ് ഫൗണ്ടേഷൻ എങ്ങനെ വേണമെന്ന് തീരുമാനിക്കുക.
തുടർന്ന് മാത്രമേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. ഒക്ടോബർ മാസത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ ടെണ്ടർ നടപടികളിലേക്കും നിർമാണപ്രവർത്തനങ്ങളിലേക്കും കടക്കാനും ആവില്ല. തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ കെ എസ് ആർ ടി സി ഡിപ്പോ നിർമാണം ആരംഭിക്കില്ലെന്ന സൂചയാണ് ഇത് നൽകുന്നത്.
കെഎസ്ആർടിസി ഡിപ്പോ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ട് ദ്രവിച്ചു കൊണ്ടിരിക്കുന്ന കെട്ടിട അവശിഷ്ടങ്ങൾ കൊണ്ട് നിറയുകയാണ്. കെട്ടിട അവശിഷ്ടങ്ങളും മാലിന്യവും തകർന്ന കോൺക്രീറ്റ് സ്ലാബുകളും ആണ് എവിടെയും. യാത്രക്കാർക്ക് ഇരിക്കുകയും ബസ് കാത്ത് നിന്ന് തിരിയാനുള്ള അൽപമാത്ര സ്ഥലത്തിന്റെ മേൽക്കൂര തകർന്നു കമ്പികൾക്കിടയിലൂടെ കോൺക്രീറ്റ് കഷ്ണങ്ങൾ യാത്രക്കാരന്റെ മേൽ വീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
കെഎസ്ആർടിസി ഓഫീ സും ഡിപ്പോയും താലൂക്ക് ഓഫീ സ് ജംഗ്ഷനിലേക്ക് മാറ്റാനായിട്ടാണ് പുതിയ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ കാന്റീൻ പ്രവർത്തിക്കുന്ന സ്ഥലത്ത് മൂന്നുനില കെട്ടിടം നിർമിച്ച് ഓഫീ സ് അവിടേക്ക് മാറ്റുകയും നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കു ഡിപ്പോ മാറ്റാനും ആയി എട്ടു കോടി രൂപയുടെ പദ്ധതിയാണ് ആദ്യം ആലോചിക്കുന്നത്.
ഇക്കാര്യത്തിൽ മാറ്റം വരുത്തിയാണ് ഓഫീസ്, ഡിപ്പോ, ഗാരിജ് ഉൾപ്പെടെ മുഴുവൻ സംവിധാനവും താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കു മാറ്റാൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. വകുപ്പ് മന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ച് തയാറാക്കിയ 16 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കഴിഞ്ഞ മൂന്നു മാസങ്ങളായി മണ്ണ് പരിശോധനയിൽ കുരുങ്ങി കിടക്കുന്നത്.
ഗാരേജ് പ്രവർത്തിക്കുന്നത് 1.73 ഏക്കർ സ്ഥലത്താണ്. ഇതിനുള്ളിൽ തന്നെ ഡിപ്പോയും ഗാരേജും ഒരുക്കും. അഷ്ടമുടിക്കായൽ തീരത്ത് ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനു വേണ്ടി കാന്റീൻ നിൽക്കുന്ന സ്ഥലം കൂടി കിഫ്ബി ആവശ്യപ്പെട്ടതോടെയാണ് നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് ഡിപ്പോ മാറ്റാൻ തീരുമാനിച്ചത്.സ്ഥല പരിമിതി മൂലമാണ് ഗാരേജ് ഡിപ്പോയ്ക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തന്നെ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.
ഭൂമിക്കടിയിൽ ഒരുനില ഉൾപ്പെടെ മൂന്നുനില കെട്ടിടം നിർമിക്കാനുള്ള പ്ലാനാണ് തയാറാകുന്നത്. ഈ വികസനങ്ങളൊക്കെ യാഥാർഥ്യമായാലും ലിങ്ക് റോഡിലും മറ്റുമായി ബസ് പാർക്ക് ചെയ്യുന്ന അവസ്ഥയ്ക്ക് അപ്പോഴും സ്ഥല പരിമിതി മൂലം പരിഹാരം ഉണ്ടാവില്ലെന്നതാണ് എടുത്ത് പറയേണ്ടി വരുന്നത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോയാണ് ലക്ഷ്യം. കോഫി ഷോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിൽ ഒരുക്കും. താഴത്തെ നില പൂർണമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഗാരേജ് ചാത്തന്നൂരിലേക്കു മാറ്റുന്നത് ഒഴിവാക്കാൻ കഴിയും. കാന്റീൻ കെട്ടിടം നിൽക്കുന്ന 18 സെന്റ് വസ്തു ഉൾപ്പെടെ നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്ത് വിനോദ സഞ്ചാര വികസന പദ്ധതിക്ക് വിനിയോഗിക്കാനാണ് തീരുമാനം.