നാടുകടത്തൽ ലംഘിച്ച് എത്തിയവരെ ജയിലിലേക്ക് അയച്ചു
1593189
Saturday, September 20, 2025 6:48 AM IST
കൊല്ലം : നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും കാപ്പ പ്രകാരം കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ ശേഷം നാടുകടത്തിയതിൽ പിന്നെ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി പോലീസ്.
കൊല്ലം മങ്ങാട് വില്ലേജിൽ ചാത്തിനാംകുളം വയലിൽ പുത്തൻവീട്ടിൽ കുക്കു എന്ന ദീപക്ക് (24), കുലശേഖരപുരം കുന്നേൽവടക്കതിൽ ഹുസൈൻ(31), കടപ്പാക്കട പാരിപ്പള്ളി പടിഞ്ഞാറ്റതിൽ വീട്ടിൽ പട്ടര് എന്ന് വിളിക്കുന്ന വിഷ്ണു (33) എന്നിവരാണ് പോലീസ് പിടിയിലായത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി തടയുന്നതിൽ കാപ്പ നിയമത്തിന്റെ പ്രാധാന്യം ഉറപ്പിക്കുകയും, നിയമം ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന നടപടിയുടെ ഭാഗമായാണിത്.
കിളികൊല്ലൂർ, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
സ്ഥിരമായി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയതിനെ തുടർന്ന് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട്, പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
എന്നാൽ ഉത്തരവ് ലംഘിച്ചുകൊണ്ട് ഇവർ വീണ്ടും കൊല്ലം ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.