ഓപ്പറേഷന് ഷൈലോക്ക് : കരവാളൂരില്‍ നിന്നും പിടികൂടിയത് കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപ
1593187
Saturday, September 20, 2025 6:42 AM IST
അഞ്ചല്‍ : കൊള്ളപലിശക്കാര്ക്ക് തടയിടാന്‍ കേരള പോലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷന് ഷൈലോക്കിന്റെ ഭാഗമായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന.
കരവാളൂരിലും അഞ്ചല്‍ കുരുവിക്കോണത്തും പ്രവർത്തിക്കുന്ന ഓരോ ഫിനാന്‍സ് സ്ഥാപനങ്ങളിലും സ്ഥാപന ഉടമകളുടെ വീടുകളിലുമാണ് പരിശോധന നടന്നത്. അമിത പലിശ ഈടാക്കുന്നു ഭീഷണിപ്പെടുത്തി വീടും വസ്തുക്കളും എഴുതിവാങ്ങുന്നു വെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നു റൂറല്‍ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി പതിനൊന്നാരയോടെയാണ് പൂര്‍ത്തിയാക്കിയത്. കരവാളൂരിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 25 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി.
ഇതിനോടൊപ്പം നിരവധി രേഖകള്‍ ബില്ലില്ലാതെ സൂക്ഷിച്ച മദ്യം എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കുരുവിക്കോണത്തെ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും നടന്ന പരിശോധനയില്‍ കാര്യമായി ഒന്നും തന്നെ കണ്ടെത്തിയില്ലെ പോലീസ് പറയുന്നു.
പുനലൂര്‍ എസ്എച്ച്ഒ രാജേഷ്, അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, ഏരൂര്‍ എസ്എച്ച്ഒ പുഷ്പകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയത്.
അതേസമയം ഒരിടവേളയ്ക്കു ശേഷം കൊള്ളപലിശക്കാര്‍ക്കെതിരെ വലിയ പരാതികളാണ് കിഴക്കന്‍ മേഖലയില്‍ നിന്നും ഉയരുന്നത്. ചിലര്‍ നല്കിയ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഇത്തരക്കാരെ സഹായിക്കുന്നതായും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കാന് ഭയക്കുന്നതായും ആരോപിക്കുന്നു.
ചിലര്‍ കോടതികളില്‍ നേരിട്ടാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കരവാളൂരിലെ സ്ഥാപനത്തിൽ ഒരുമാസത്തിനിടെ മാത്രം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കിയ പോലീസ് അധികൃതര്‍ വ്യക്തമാക്കി.