തണ്ണീര്‍മുക്കം ബണ്ട് 15ന് അടയ്ക്കും
1245128
Friday, December 2, 2022 10:45 PM IST
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ 15ന് അടയ്ക്കാന്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശകസമിതി യോഗത്തില്‍ തീരുമാനമായി.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അടുത്ത ഇടവേളകളില്‍ മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമെങ്കില്‍ ഷട്ടറുകള്‍ ക്രമീകരിക്കാനും യോഗം നിര്‍ദേശിച്ചു.
ഷട്ടറുകള്‍ മാര്‍ച്ച് 15ന് തുറക്കും. കാര്‍ഷിക കലണ്ടര്‍ പ്രകാരംതന്നെ കൃഷി ഇറക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ജലസേചന വകുപ്പുകള്‍ കുറേക്കൂടി ശാസ്ത്രീയമായി ഷട്ടര്‍ ക്രമീകരണം സംബന്ധിച്ച് പഠനം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ തോമസ് കെ. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ, എഡിഎം എസ്. സന്തോഷ് കുമാര്‍, സബ് കളക്ടര്‍ സൂരജ് ഷാജി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം, ട്രേഡ് യൂണിയന് പ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.