ആലപ്പുഴ രൂപത സൊസൈറ്റി സംരംഭകത്വ ലോണ്‍ വിതരണം
1281634
Monday, March 27, 2023 11:56 PM IST
ആലപ്പുഴ: ആലപ്പുഴ രൂപത സൊസൈറ്റിയുടെയും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെയും സംയക്താഭിമുഖ്യത്തില് രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന കോൾപിംഗ് യൂണിറ്റുകൾക്ക് സംരംഭകത്വ ലോൺ വിതരണം ചെയ്തു. 43 കോൾപിംഗ് ഗ്രൂപ്പുകളിലെ 524 അംഗങ്ങൾക്കായി 1,33,30,000 രൂപയാണ് വിതരണം ചെയ്തത്.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കർമസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങില്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സണ്‍ സൗമ്യ രാജ്, വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ശിവകുമാർ, നഗരസഭ കൗൺസിലർ റീഗോ രാജു, കോർപർഷൻ അസി. ജനറൽ മാനേജർ വി.പി. അലോഷ്യസ്, എഡിഎസ് സെക്രട്ടറി എഫ്. പുഷ്പരാജ് എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ രൂപത സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാംസൺ അഞ്ഞിലിപ്പറമ്പിൽ സ്വാഗതവും കോൾപിംഗ് ഇന്ത്യ നാഷണൽ പ്രസിഡന്റ് സാബു വി. തോമസ് നന്ദിയും പറഞ്ഞു.