മീഡിയ വില്ലേജില്‍ നിറങ്ങളുടെ ഉത്സവം മെലാഞ്ച്-22ന് ഇന്നു ദീപം തെളിയും
1244458
Wednesday, November 30, 2022 12:50 AM IST
ചങ്ങനാശേരി: പഴയകാല ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ക്യൂന്മേരി ടാക്കീസ് ഇന്ന് തുറക്കും. ഇന്ത്യയില്‍ത്തന്നെ ആദ്യമായി പുറത്തിറങ്ങിയ ത്രിഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനാണ് ആദ്യ പ്രദര്‍ശനം. 1984ല്‍ നവോദയ ജിജോ സംവിധാനം ചെയ്തതും ചലച്ചിത്ര ലോകത്ത് വിസ്മയം ജനിപ്പിച്ചതുമായ സാഹസിക ചിത്രമായ കുട്ടിച്ചാത്തന് ഇന്ന് ഉച്ചയ്ക്ക് 12നാണ് തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ഇന്നാരംഭിക്കുന്ന മെലാഞ്ച്-22നോടനുബന്ധിച്ചാണ് കോളജിലെ വിദ്യാര്‍ഥികള്‍ ക്യൂന്‍ മേരി ടാക്കീസ് എന്ന പേരില്‍ പഴയ മാതൃകയിലുള്ള തിയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കോട്ടയം കുഞ്ഞച്ചന് എന്ന ചിത്രം സ്ക്രീനില്‍ എത്തുന്നത്.
പ്രദര്‍ശനത്തിനുള്ള സിനിമകള്‍പോലെ തന്നെ തിയേറ്റര്‍ ഒരുക്കിയിരിക്കുന്നതും 90 കളുടെ പശ്ചാത്തലം പോലെയാണ്. സാരികളും മാലബള്‍ബുകളും ഉപയോഗിച്ച് അലങ്കരിക്കുകയും പഴയ തിയറ്ററിന്റെ മാതൃകയിലുള്ള ബെഞ്ചുകളും കസേരകളും അടങ്ങുന്ന സീറ്റുകള്‍ ഒരുക്കിയുമാണ് പഴയ മാതൃകയിലുള്ള സിനിമ കൊട്ടക കെട്ടിയിരിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് തിയറ്റർ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃഗയ, സീസണ്, ഗോഡ് ഫാദര്‍, സ്ഫടികം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പ്രദര്‍ശനം വച്ചിരിക്കുന്നത്.