ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴുവര്‍ഷം
1246217
Tuesday, December 6, 2022 12:45 AM IST
ഡീലക്സ് പടി ഭാഗത്ത് അപകടങ്ങള്‍ പെരുകിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴുവര്‍ഷം. ആക്ഷന്‍ കൗണ്‍സില്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലം പണം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത് വളവ് നിവര്‍ത്തി റോഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ബേബിച്ചന് പള്ളിത്താനം, ജോസഫ് ആന്റണി പ്രാക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. നിവേദനങ്ങളും കത്തിടപാടും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ഇത്രയുമൊക്കെ എത്തിയത്.
എന്നാല്‍, നടപടികളിൽ ഇപ്പോഴും മെല്ലെപ്പോക്കാണ് കാണുന്നത്. വളവു നിവര്‍ത്തലിനുള്ള നടപടി വൈകുന്നതുമൂലം ഈ ഭാഗത്ത് ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് അരങ്ങേറുന്നത്.
കയറ്റവും കൊടുംവളവുമുള്ള ഈ ഭാഗത്ത് എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത അവസ്ഥയാണ്. കൂടാതെ ബൈപാസായതിനാല് ദീര്‍ഘദൂര വാഹനങ്ങള്‍ അമിതവേഗതയില്‍ എത്തുന്നതും കാല്‍നട സഞ്ചാരികള്‍ക്കും റോഡ് കുറുകെ കടക്കുന്നവര്‍ക്കും അത്യധികം ഭീഷണിയാണ്. ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ട് അഞ്ചു പേര് മരിക്കുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
എംസി റോഡില്‍ പെരുന്തുരുത്തിയില്‍ ആരംഭിച്ച് തെങ്ങണ, മണര്‍കാട് വഴി ഏറ്റുമാനൂർ പട്ടിത്താനത്ത് എത്തുന്ന അതിവേഗ ബെപാസാണിത്. ഈ ബൈപാസില്‍ തെങ്ങണ മുതല്‍ തൃക്കൊടിത്താനം കുന്നുംപുറം വരെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകിയ നിലയിലുമാണ്. ഈ ഭാഗത്തെ റോഡിലെ ഡിവൈഡര്‍ ലൈനുകളും സീബ്രാ ക്രോസിംഗുകളും മാഞ്ഞത് വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്ക് ഭീഷണിയാണ്. റോഡിന്റെ വശങ്ങളില് കാട്ടുചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതിനു കാരണമാകുന്നുണ്ട്.
ഡീലക്സ്പടി വളവ് നിവര്‍ക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ ഈ ബൈപാസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലികള്‍ വേഗത്തിലാക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.