വനിതാ ജീവനക്കാർ പണം തട്ടിയ സംഭവം: സ്ഥാപനമുടമ പോലീസിന് രേഖകൾ കൈമാറി
1338194
Monday, September 25, 2023 2:47 AM IST
തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പു നടത്തി വനിതാ ജീവനക്കാർ ഒളിവിൽപ്പോയ സംഭവത്തിൽ ധനകാര്യ സ്ഥാപന ഉടമ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പോലീസിനു കൈമാറി. രേഖകൾ വിശദമായി പരിശോധിച്ച് മഹസർ തയാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസ് പ്രതികളുടെ അറസ്റ്റിലേക്കു നീങ്ങും.
സ്വർണപ്പണയത്തിലും പ്രോമിസറിനോട്ടിന്റെ അടിസ്ഥാനത്തിലും പണമിടപാടു നടത്തുന്ന ഉദയംപേരൂർ തെക്കേപുളിപ്പറമ്പിൽ പി.എം. രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോൾഡ്ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് 42.72 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പരാതി.
സ്ഥാപനമുടമയുടെ പരാതിയിൽ ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയായ പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു, ഉദയനാപുരം വൈക്കപ്രയാർ സ്വദേശിനി ദേവി പ്രജിത്ത് എന്നിവരുടെ പേരിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസം ബാങ്ക് അവധിയായതിനാൽ ഇവരുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നു കാര്യക്ഷമമായി നടക്കും. ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തനുണ്ണി സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. സ്വർണവായ്പക്കാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ കൊടുത്ത തുക കഴിഞ്ഞ ഏപ്രിൽ മുതൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല.
വായ്പാതുക തിരിച്ചടച്ച 19 പേരിൽ നിന്നു വാങ്ങിയ 42.72 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം കൃഷ്ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. തട്ടിപ്പ് സ്ഥാപന ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിലെ സിസിടിവി കാമറ തകരാറിലാക്കിയെന്നും പരാതിയുണ്ട്.
സാമ്പത്തിക തിരിമറിയുടെ പേരിൽ ആറു മാസങ്ങൾക്ക് മുമ്പ് അനന്തനുണ്ണിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം നേതൃത്വം പറയുന്നു. അനന്തനുണ്ണിക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇയാളും ഒളിവിലാണ്.
ഒരു വർഷത്തിനുള്ളിൽ വിവിധ ബാങ്കുകളിലായി കൃഷ്ണേന്ദു 10 കോടിയിലധികം രൂപയുടെ ഇടപാടു നടത്തിയിട്ടുണ്ടെന്ന് സ്ഥാപനമുടമ രാകേഷ് ആരോപിച്ചു.