ഈ ദുരിതം ഇനിയും സഹിക്കണോ? കുടുത്തുരുത്തിയിലെ വിവാദ ലാറ്റക്സ് ഫാക്ടറി പ്രദേശവാസികള്‍ നാളെ വളയും
1592954
Friday, September 19, 2025 7:28 AM IST
കടുത്തുരുത്തി: നാട്ടുകാര്‍ക്ക് ദുരിതമായി കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് കമ്പനി പ്രദേശവാസികള്‍ നാളെ വളയും. ഇവിടെനിന്ന് ഒഴുകുന്ന മലിനജലം നാട്ടുകാരെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുകയും വായുവും ജലവും ഭൂമിയും മനുഷ്യ ഉപയോഗത്തിന് പറ്റാതാക്കിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
പഞ്ചായത്ത് ലൈസന്‍സ് നല്‍കാതെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു സ്റ്റോപ്പ് മെമ്മോ നല്‍കുകയും പൊല്യുഷന്‍ കണ്ട്രോള് ബോര്‍ഡ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടും അധികാരികളുടെ മൗനസമ്മതത്തോടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
പ്രദേശവാസികള്‍ ഒന്നടങ്കം സ്ത്രീകളും കുട്ടികളുമുൾപ്പെടെ മുട്ടുചിറയില്നിന്നു പദയാത്രയായി കടുത്തുരുത്തിയിലെത്തി പഞ്ചായത്തിന് ഭീമഹര്‍ജി നല്കിയ ശേഷവും ഫാക്ടറി പൊതുതോട്ടിലേക്ക് മലിനജലം ഒഴുക്കിയും രൂക്ഷദുര്‍ഗന്ധം പരത്തിയും വീണ്ടും ബുദ്ധിമുട്ടിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് മുട്ടുച്ചിറയിൽനിന്ന് ഫാക്ടറിയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പരിസ്ഥിതി സാമൂഹ്യ പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും.
കടുത്തുരുത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിറിയക് വര്‍ഗീസ്, അഡ്വ. റോയി ജോര്‍ജ്, പഞ്ചായത്തംഗം ജാന്‍സി സണ്ണി, ബിജു പോള്‍, മോള്‍സി ജോസഫ്, ലൈസമ്മ ജോസ്, പഞ്ചായത്തംഗം ജാന്‍സി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.