മുട്ടമ്പലം റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം: എംപി
1592945
Friday, September 19, 2025 7:28 AM IST
കോട്ടയം: മുട്ടമ്പലം റെയില്‍വേ ക്രോസിംഗില്‍ പുതിയ അടിപ്പാത നിര്‍മിച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഇതു സംബന്ധിച്ച് റെസിഡന്‍സ് അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംപി സ്ഥലം സന്ദര്‍ശിക്കുകയും റെയില്‍വേ അധികൃതരുമായി ഫോണിന് ചര്‍ച്ച നടത്തുകയും ചെയ്തു.
അടിപ്പാത നിര്‍മാണ സമയത്ത് നിലവില്‍ വെള്ളം ഒഴുകുന്നതിനായി ഉണ്ടായിരുന്ന പൈപ്പുകള്‍ മണ്ണും ചെളിയും മാലിന്യങ്ങളും മൂലം അടയുകയും വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്തു. ഇത് നീക്കം ചെയ്താല്‍ നിലവിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കും. ഇക്കാര്യം എത്രയും വേഗം ചെയ്യാന്‍ എംപി റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
അടിപ്പാതയോടു ചേര്‍ന്നുണ്ടായിരുന്ന മലങ്കര ക്വാര്‍ട്ടേഴ്സിലേക്കുള്ള റോഡ് അടിപ്പാത നിര്‍മാണ സമയത്ത് തകര്‍ന്നതാണ്. ഇതു നന്നാക്കാന്‍ ഇതുവരെ റെയില്‍വേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന മണ്ണും ചെളിയും ഉടന്‍ നീക്കം ചെയ്യാന്‍ റെയില്‍വേ അധികൃതരോട് എംപി നിര്‍ദേശിച്ചു. അടിപ്പാതയോടു ചേര്‍ന്നുണ്ടായിരുന്ന മലങ്കര ക്വാര്‍ട്ടേഴ്സ് വഴിയുള്ള റോഡ് അടിപ്പാത നിര്‍മാണ സമയത്ത് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. ഇതോടൊപ്പം ഓടയുടെ സമീപം അനാവശ്യമായി ഉയര്‍ത്തി നിര്‍മിച്ച സംരക്ഷണഭിത്തി ഗതാഗതത്തിന് തടസമായി നില്‍ക്കുകയാണ്.
ഇതു പൊളിച്ച് നീക്കി സ്ലാബ് ഇടുകയും റോഡ് ടാര്‍ ചെയ്യുകയും ചെയ്താല്‍ ഗതാഗതതടസം ഒഴിവാകും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.
റെയില്‍വേ എന്‍ജിനിയര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് നേരിട്ട് സന്ദര്‍ശനം നടത്തി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും എംപി. ആവശ്യപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ പി.ഡി. സുരേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബാ പുന്നന്‍, എ.കെ. ജോസഫ് ലാലു, ജോമോന് ജോസഫ്, സാജന്, എം.ജെ. ജയിംസ്, ശ്രീകുമാര്‍, ബാബു ഫിലിപ്പ്, പ്രകാശ് ഏബ്രഹാം, ബാബു നെല്ലിക്കല്‍, കെ.വി. തോമസ്,എം.ടി. ജോര്‍ജ്, പി.പി. സണ്ണി, പി.പി. ബാബു എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.