മെഡി. കോളജ് ആശുപത്രിയിൽ രോഗീസന്ദർശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദർശകർ വലയുന്നു
1592948
Friday, September 19, 2025 7:28 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി സന്ദർശകർക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത് സന്ദർശകരെ വലയ്ക്കുന്നു. ഇതുമൂലം ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ദൂര ജില്ലകളിൽനിന്നു വരുന്ന സന്ദർശകരെ വിഷമത്തിലാക്കുകയാണ്.
കഴിഞ്ഞ ദിവസം മുതൽ പാസ് നൽകുന്ന കൗണ്ടറിൽ കംപ്യൂട്ടർ വത്കരണം നടത്തിയിരുന്നു. ഇനി മുതൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ കാണാൻ പാസെടുക്കാൻ ക്യൂവിൽ നിൽക്കുന്ന സന്ദർശകർക്ക് രോഗിയുടെ പേര്, വാർഡ്, ഐപി നമ്പർ, ഫോൺ നമ്പർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം.
പാസ് നൽകുന്ന കൗണ്ടറിൽ സന്ദർകരോട് രോഗിയെ സംബന്ധിച്ചുള്ള ഈ വിവരങ്ങൾ തിരിക്കി കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതിന് ശേഷമേ പാസ് നൽകുകയുള്ളൂ. ഒരാൾക്ക് മൂന്ന് പാസ് മാത്രമേ നൽകുകയുള്ളൂ. 10 രൂപയാണ് പാസ് നിരക്ക്. ഒരു രോഗിയുടെ പേരിൽ മൂന്ന് സന്ദർശകർ പാസെടുത്ത് വാർഡിലേക്ക് കയറി പോയി കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാൻ വരുന്ന മറ്റു സന്ദർശകർക്ക് പാസ് നൽകുകയുള്ളൂ. ഇത് ദൂര ജില്ലകളിൽനിന്നു വരുന്ന സന്ദർശരെ വിഷമത്തിലാകും.
ഇതര ജില്ലയിൽനിന്ന് ഒരു രോഗിയെ കാണാൻ അഞ്ച് ബന്ധുക്കളായ സന്ദർശകരെത്തിയാൽ ഇവരിൽ മൂന്നുപേർക്ക് മാത്രമേ പാസ് ലഭിക്കുകയുള്ളു. രണ്ടു പേർക്ക് രോഗിയെ കാണമെങ്കിൽ കൂടെ വന്നവർ പുറത്തിറങ്ങണം. ഈ രോഗിയെ കാണാൻ മറ്റു ചില ബന്ധുക്കളെത്തി പാസ് എടുക്കുന്ന ക്യൂവിന്റെ മുൻനിരയിൽ ഇടം പിടിച്ചാൽ ഇതര ജില്ലയിൽനിന്നുവന്ന രണ്ട് പേർക്ക് പാസ് കിട്ടാതെ വീണ്ടും കുഴയും.
ഇത്തരത്തിൽ ദൂരെ സ്ഥലങ്ങളിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ബന്ധുവായ രോഗിയെ കണ്ട് ഉടനെ തിരിച്ചുപോകാം എന്നു കരുതി വരുന്നവർക്ക് പുതിയ ക്രമീകരണം വലിയ തിരിച്ചടിയാണ് നൽകുന്നത്. ഒരു സമയം മൂന്നു സന്ദർശകർക്കു മാത്രമേ പ്രവേശന പാസ് നൽകുകയുള്ളുവെന്ന ആശുപത്രി അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
ഉച്ചയ്ക്ക് ഒന്നര മുതൽ പാസ് നൽകി തുടങ്ങും. എന്നാൽ രോഗിയുടെ പേരും വാർഡും മാത്രമേ ഒട്ടുമിക്ക സന്ദർശകർക്ക് അറിയാൻ കഴിയൂ. ഐപി നമ്പരോ, ഫോൺ നമ്പരോ മറ്റോ അറിയാൻ സാധിക്കില്ല. ഇത് അറിയാത്ത ബന്ധുക്കളും പാസ് കിട്ടാൻ വിഷമിക്കേണ്ടിവരും. പുതിയ ക്രമീകരണം ഏർപ്പെടുത്തിയതോടെ പാസ് കൗണ്ടറിന് മുമ്പിൽ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.