കേബിള്‍ സേവനത്തില്‍ വീഴ്ച: ദാതാവിന് 5,000 രൂപ പിഴ
1592949
Friday, September 19, 2025 7:28 AM IST
കോട്ടയം: കാലവധി പൂര്‍ത്തിയാകുംമുമ്പേ പ്രീ പെയ്ഡ് കേബിള്‍ ടി.വി. കണക്ഷന് ഡിസ്കണക്ട് ചെയ്തതിന് ചങ്ങനാശേരി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ 5000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്.
തൃക്കൊടിത്താനം സ്വദേശി സോമസുന്ദരം നല്കിയ പരാതിയിലാണ് നടപടി. 2025 ഫെബ്രുവരി 25 വരെ കാലാവധിയില്‍ 4,800 രൂപ മുടക്കി ഒരുവര്‍ഷത്തെ പ്രീ പെയ്ഡ് കണക്ഷന് എടുത്തത് 2024 നവംബര്‍ 18ന് ഡിസ്കണക്ട് ആയെന്നും തൊട്ടടുത്തദിവസം തന്നെ ഫോണ്‍ മുഖേനെയും ഓഫീസില്‍ നേരിട്ടെത്തിയും പരാതി നല്‍കിയിട്ടും പരിഹരിച്ചില്ല എന്നുമാണ് കമ്മിഷനു മുന്നിലെത്തിയ കേസ്.
സെറ്റ്ടോപ് ബോക്സിന്റെ തകരാര്‍ മൂലമാണ് ഡിസ്കണക്ടായതെന്നു സ്ഥാപനം വാദിച്ചെങ്കിലും തെളിവു ഹാജരാക്കാനായില്ല. പരാതിക്കാരന് 2019ലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരമുള്ള ഉപഭോക്താവല്ലെന്ന വാദവും കമ്മീഷന് നിരാകരിച്ചു.
1995ലെ കേബിള്‍ നെറ്റ്വര്‍ക്ക് ആക്ട് പ്രകാരം തടസമില്ലാത്ത സേവനം നല്കുന്നതില് സ്ഥാപനത്തിനു വീഴ്ച വന്നെന്നും സേവനന്യൂനതയ്ക്ക് 5,000 രൂപ പരാതിക്കാരനു നല്‍കണമെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന് ഉത്തരവിട്ടു.