വിശ്വകർമ സമൂഹത്തിന്റെ സേവനം മഹത്തരം: ഫ്രാൻസിസ് ജോർജ്
1592957
Friday, September 19, 2025 7:39 AM IST
വൈക്കം: അഖില കേരള വിശ്വകർമ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ ദിനം ആഘോഷിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ യൂണിയൻ പ്രസിഡന്റ് പി.ജി. ശിവദാസന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അഡ്വ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.
നൂതന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ നിർമിക്കുന്ന നിർമിതികൾ തകർന്നുവീഴുമ്പോഴും നൂറ്റാണ്ടുകൾക്കു മുമ്പ് സാങ്കേതികവിദ്യയുടെ സഹായമില്ലാതെ കെട്ടിപ്പൊക്കിയ ആരാധനാലയങ്ങളും കൊട്ടാരങ്ങളും കേടുകൂടാതെ നിൽക്കുന്നതിനു പിന്നിൽ വിശ്വകർമ സമൂഹത്തിന്റെ കരവിരുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നിച്ചുനിൽക്കാത്തതാണ് എസ്എൻഡിപി, കെപിഎംഎസ് അടക്കമുള്ള ഹിന്ദു സംഘടനകളുടെ അപചയത്തിനുകാരണമെന്നും പിന്നാക്കമെന്ന ലക്ഷ്മണരേഖ മുറിച്ചുകടന്നാൽ മാത്രമേ സാമുദായികമായി പുരോഗതി കൈവരിക്കാനാകുകയുള്ളൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രീതി നടേശൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, കെ.കെ. സുരേഷ്, സണ്ണി എം. കപിക്കാട്, പി.ജി.എം. നായർ, തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയിൽ നൂറുകണകിനു സ്ത്രീപുരുഷൻമാർ പങ്കെടുത്തു. റാലിക്ക് യൂണിയൻ പ്രസിഡന്റ് പി.ജി. ശിവദാസൻ, എസ്. ശ്രീകുമാർ, എസ്. കൃഷ്ണൻ, രുഗ്മിണിനാരായണൻ, ജയശ്രീ ലക്ഷ്മണൻ, ബിന്ദുമോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.