ഒടുവില്‍ അധികൃതര്‍ കണ്ണു തുറന്നു : കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ പൈപ്പുപൊട്ടലിന് പരിഹാരമായി
1592953
Friday, September 19, 2025 7:28 AM IST
കടുത്തുരുത്തി: ഒടുവില്‍ അധികൃതര്‍ കണ്ണു തുറന്നു. കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകി നശിക്കുന്നതിന് പരിഹാരമായി. പൊട്ടിയ പൈപ്പ് മാറ്റി പ്രശ്നം പരിഹരിച്ചു. തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്‍ച്ചയിലാക്കി വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ എന്നത് കഴിഞ്ഞ ദിവസം ചിത്രം സഹിതം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ജീവനക്കാരെത്തി പൊട്ടിയ പൈപ്പ് മുറിച്ചുമാറ്റി ലീക്ക് പരിഹരിച്ചത്.
റെയില്‍വേ മേല്‍പാലത്തിനു സമീപത്തായിട്ടാണ് ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയിരുന്നത്. ഈ ഭാഗത്ത് ഇതു മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ റോഡിലൂടെ കടത്തിവിട്ടിരിക്കുന്ന പൈപ്പ് പൊട്ടി റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട അവസ്ഥയിലായിരുന്നു.
പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ദിവസം ചെല്ലുന്തോറും പുറത്തേക്കു വരുന്ന വെള്ളത്തിന്റെ ശക്തി വര്‍ധിച്ചുവരികയായിരുന്നു. ഇതു റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്ന സ്ഥിതിയായിരുന്നു. ഈ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്. മീറ്ററുകളോളം ദൂരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയായിരുന്നു.
തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ പല സ്ഥലത്തായി ഇതിനോടകം പൊട്ടലുണ്ടായി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്‍ന്നുകിടന്ന തീരദേശ റോഡിന്റെ നാശം പൂര്ണാവസ്ഥയിലാക്കിയത്.