പുളിഞ്ചുവട്-നക്കംതുരുത്ത് റോഡ് തകർന്നു; യാത്ര ദുരിതം
1592952
Friday, September 19, 2025 7:28 AM IST
വൈക്കം:പുളിഞ്ചുവട്-പരുത്തുമുടി-നക്കംതുരുത്ത് റോഡ് തകർന്ന് ഗതാഗതം ദുരിപൂർണമായി. വൻ കുഴികൾ രൂപപ്പെട്ട് റോഡ് തകർന്നിട്ട് രണ്ടു വർഷമായി. കാൽനട പോലും ദുഷ്കരമായ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇരുചക്രവാഹനയാത്രികർ റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവാകുകയാണ്. സ്കൂട്ടറിൽ ഭാഗ്യക്കുറി വിൽപന നടത്തുന്ന പുളിഞ്ചുവട് സ്വദേശി ബേബി (63) കഴിഞ്ഞ ദിവസം രാവിലെ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
കുഴികളിലകപ്പെട്ട് ഓട്ടോറിക്ഷകൾ തകരാറിലാകുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചാൽപോലും ഓട്ടോറിക്ഷക്കാർ എത്താത്ത സ്ഥിതിയാണ്. റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.