കൂവം - ചേന്തുരുത്ത് ഭാഗങ്ങളെ ബന്ധിപ്പിച്ച് ഗതാഗതയോഗ്യമായ പാലം നിർമിക്കണം
1338196
Monday, September 25, 2023 2:47 AM IST
വൈക്കം: വൈക്കം തലയാഴം പഞ്ചായത്തിലെ കൂവം - ചേന്തുരുത്തു ഭാഗത്ത് കെവി കനാലിനു കുറുകെ ഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി.
തലയാഴത്തെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഈ ഉൾപ്രദേശത്ത് കെവി കനാലിനു കുറുകെ ജനങ്ങൾ പതിറ്റാണ്ടുകളായി വള്ളം കടത്തുവള്ളത്തിലാണ് മറുകര കടന്നിരുന്നത്. 20 വർഷങ്ങൾക്കു മുമ്പ് കനാലിനു കുറുകെ വീതി കുറഞ്ഞ ഒരു പാലം നിർമിച്ചതോടെയാണ് കടത്തുനിലച്ചത്.
ഒരു ഓട്ടോറിക്ഷയ്ക്കു കഷ്ടിച്ചു കടന്നുപോകാൻ മാത്രം വീതിയുള്ള പാലം ജനസാന്ദ്രതയേറിയ പ്രദേശത്തെ വികസനത്തിനു തടസമാകുകയാണ്. ഈ പാലത്തിനിരുവശവും എട്ടു മീറ്റർ വീതിയിൽ റോഡുണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാനതോടായതിനാൽ തോടിന്റെ വീതി കുറച്ചു പാലം നിർമിക്കാനാവില്ല.
വീതികൂടിയ തോടായതിനാൽ ത്രിതല പഞ്ചായത്തു ഫണ്ട് അപര്യാപ്തമായതിനാൽ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചാൽ മാത്രമേ പാലം യാഥാർഥ്യമാകൂവെന്നു നാട്ടുകാർ പറയുന്നു.
വൈക്കം തോട്ടകത്തുനിന്ന് ചേന്തരുത്ത്-കൂവം-കണ്ടംതുരുത്ത് വഴി ഇടയാഴം-കല്ലറ റോഡിൽ ചേരുന്നതിനാൽ പാലം യാഥാർഥ്യമായാൽ ഈ റൂട്ട് വൈക്കം - വെച്ചൂർ റോഡിനു സമാന്തര പാതയാകും. ഇപ്പോൾ വൈക്കം - വെച്ചൂർ കൈപ്പുഴമുട്ട് റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിനും ഈ സമാന്തര പാത ഉപകാരപ്രദമാകും. കൂവം - ചേന്തുരുത്ത് പാലം യാഥാർഥ്യമാക്കി ഗ്രാമപ്രദേശത്തിന്റെ വികസനത്തിന് ആക്കംകൂട്ടാൻ അധികൃതർ നടപടി സ്വകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.