കോട്ടയം: തെരുവുനായകളെ പിടിച്ച് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
തെരുവുനായകളെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുക മാറ്റിവച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കണം. വാക്സിനേഷന് നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 ഹെല്‍ത്ത് ഗ്രാന്റ് വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്കി.
പാലാ, ഈരാറ്റുപേട്ട, ചങ്ങനാശേരി നഗരസഭകളും പള്ളം, പാമ്പാടി, വൈക്കം, കടുത്തുരുത്തി, ഉഴവൂര്‍, ളാലം ബ്ലോക്ക് പഞ്ചായത്തുകളുമുള്‍പ്പെടെ 41 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്, ആസൂത്രണ സമിതി അംഗങ്ങളായ ടി.എന്‍. ഗിരീഷ് കുമാര്‍, സുധാ കുര്യന്, മഞ്ജു സുജിത്ത്, പി.ആര്. അനുപമ, ഇ.എസ്. ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി എന്നിവര്‍ പങ്കെടുത്തു.