കാഞ്ഞിരപ്പള്ളിയിൽ സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് അനുമതി
1340222
Wednesday, October 4, 2023 10:47 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് അനുമതിയായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം തന്നെ ബിഎസ്സി നഴ്സിംഗ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിക്കുന്നതിന് നഴ്സിംഗ് കൗണ്‍സിലിന്റെയും കേരളാ ആരോഗ്യസര്‍വകലാശാലയുടെയും അനുമതിയും ലഭിച്ചു.
ആദ്യഘട്ടം 40 സീറ്റുകൾ
എംജി സര്‍വകലാശാലയുടെ കീഴിലുള്ള സീപാസ് മുഖേനയാണ് കോഴ്സ് നടത്തുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അടിസ്ഥാനമാക്കിയാണ് നഴ്സിംഗ് കോളജ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടമായി 40 സീറ്റുകളിലാണ് പ്രവേശനം നല്‍കുന്നത്. ഇതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 150 കിടക്കകള്‍ ഉറപ്പാക്കി. ഇതു ഭാവിയില്‍ വർധിക്കുന്നതനുസരിച്ച് നഴ്സിംഗ് സീറ്റുകളുടെയും എണ്ണം വർധിക്കുന്ന വിധത്തിലാണ് പദ്ധതി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലുള്‍പ്പെട്ട വിദ്യാർഥികള്‍ക്കു നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അഡ്മിഷന് പ്രത്യേക ഗ്രേസ്മാര്‍ക്ക് നല്‍കും.
മൂന്ന് ഏക്കര്‍ സ്ഥലം
നഴ്സിംഗ് കോളജിനു സ്ഥിരംകെട്ടിടം നിര്‍മിക്കുന്നതിന് വെള്ളാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മണിമലയില്‍ ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി വിട്ടുനല്‍കുന്നതിന് നടപടിയായിട്ടുണ്ട്. എംഎല്‍എ ഫണ്ട്, സീപാസ് ഫണ്ട് എന്നിവ ഉപയോഗിച്ച് അടുത്ത വര്‍ഷത്തിനകം കെട്ടിടവും നിര്‍മിക്കും.
ഈ സംവിധാനങ്ങള്‍ യാഥാർഥ്യമാകുന്നതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനവും പൂര്‍ത്തിയാക്കി. ഇതിനായി 17500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്തു കഴിഞ്ഞു. അഡ്മിഷന് ലഭിക്കുന്ന വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഴ്സിംഗ് കോളജ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉദ്ഘാടനചടങ്ങ് സംബന്ധിച്ച ആഘോഷകമ്മിറ്റി രൂപീകരണം ഏഴിനു നടക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.