പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവം: സമാധാനയോഗം അപലപിച്ചു, മതസൗഹാർദം കാത്തുസൂക്ഷിക്കാൻ തീരുമാനം
1396508
Thursday, February 29, 2024 11:59 PM IST
കോട്ടയം: നാടിന്റെ മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാന്‍ യോഗം തീരുമാനിച്ചതായി മന്ത്രി വി.എന്‍. വാസവന്.
പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ കളക്ടറേറ്റിൽ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മത-സമുദായ പ്രതിനിധികളുടെയും സമാധാന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ഉള്ളുതുറന്നു ചര്‍ച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേല്‍ക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടില്‍ സമാധാന അന്തരീക്ഷം പുലരാന്‍ എല്ലാവരും പൂര്‍ണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തും.
18 വയസിനു താഴെയുള്ളവരടക്കം വിദ്യാര്‍ഥികളാണ് കേസില്‍ പ്രതിയായിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്ഥികള്ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച വസ്തുതകള്‍ ജില്ലാ പോലീസ് മേധാവി പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് നല്‍കും. ഞങ്ങളും നിങ്ങളും എന്നതു മാറി നമ്മള് എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് യോഗതീരുമാനം. എല്ലാവരും പരസ്പരം ആശ്ലേഷിച്ചാണ് യോഗം അവസാനിച്ചത്.
സമാധാനയോഗം പരിപൂര്‍ണ വിജയമായിരുന്നു. നാടിന്റെ മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കുന്നനിലയില്‍ വിദ്വേഷപരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കും. പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വന്നാല്‍ ഒറ്റപ്പെടുത്തുമെന്നും സമാധാന അന്തരീക്ഷം പുലരാന്‍ എല്ലാ പിന്തുണയും മത-സാമുദായിക പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുള്‍ ഖാദര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, പാലാ ആര്‍ഡിഒ കെ.പി. ദീപ, പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, സെന്റ് മേരീസ് പള്ളി അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുല്‍ ഹമീദ്, മുഹമ്മദ് ഇസ്മയില്‍, പോലീസ് ഉദ്യോഗസ്ഥര്‍, അറസ്റ്റിലായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.