നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു; തീപ്പൊരി വീണ് പുരയിടത്തിൽ തീ പടർന്നു
1396671
Friday, March 1, 2024 7:06 AM IST
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. അപകടത്തെ തുടര്‍ന്ന് വൈദ്യുത കമ്പിയില്‍നിന്നും തീപ്പൊരി വീണ് സമീപത്തെ പുരയിടത്തിന് തീ പിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
പള്ളിക്കവല - തലപ്പാറ റോഡില്‍ ഇല്ലിത്തൊണ്ടിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. എറണാകുളത്തുനിന്നും ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന മൂന്നംഗ കുടുംബം സഞ്ചരിച്ച കാറാണ് പിന്നില്‍ മറ്റൊരു വാഹനം തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചുതകര്‍ത്തത്.
ഇടിയുടെ ആഘാതത്തില്‍ 11 കെവി ലൈനുകള്‍ കൂട്ടിയിടിച്ചു തീപ്പൊരി താഴെ വീണതിനെത്തുടര്‍ന്നാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചവറിന് തീ പിടിച്ചത്.
വൈക്കം അഗ്നിരക്ഷാ നിലയത്തില്‍നിന്നും സ്റ്റേഷന് ഓഫീസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും തീ പടരാതെ വന്‍ദുരന്തം ഒഴിവായി.
കടുത്തുരുത്തി അഗ്നിരക്ഷാ സേനയും തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.