ജനകീയ സമിതിയുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് കല്ലറ പഞ്ചായത്തധികൃതര്‍
1396898
Saturday, March 2, 2024 7:05 AM IST
കടുത്തുരുത്തി: കല്ലറ പഞ്ചായത്തില്‍ നാലാം വാര്‍ഡ് മെംബര്‍ അരവിന്ദ് ശങ്കറിന്റെ നേതൃത്വത്തില്‍ ജനകീയ സമിതിയുടെ പേരില്‍ നടത്തിയ ധര്‍ണ പഞ്ചായത്ത് ഭരണ സമിതിയെയും ജനങ്ങളെയും തമ്മിൽ തെറ്റിക്കുന്നതിനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍.
വലിയകടവ് - കളമ്പുകാട് തോടിനു മുകളിലൂടെ കോട്ടയിത്താഴം ഭാഗത്തു സ്വകാര്യവ്യക്തി മൂന്ന് മീറ്റര്‍ വീതിയുള്ള നടപ്പാലം നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണെന്നുള്ള ജനകീയ സമിതിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ആ ഭാഗത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും ജോണി പറഞ്ഞു.
2018ല്‍ സ്വകാര്യവ്യക്തി നിര്‍മിച്ച പാലം തകര്‍ത്തതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി ചിലര്‍ക്കെതിരേ കോടതിയില്‍ കേസ് കൊടുത്തിരുന്നു. ഇക്കാര്യം നാളുകള്‍ക്കുശേഷം സ്വകാര്യ വ്യക്തിയുടെ വക്കീല്‍ മുഖാന്തിരം നോട്ടീസ് വന്നപ്പോഴാണ് പഞ്ചായത്ത് അറിയുന്നത്.
അതില്‍ പഞ്ചായത്ത് ഭരണസമിതി കോടതിയില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു പഞ്ചായത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഇതില്‍ സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വാക്കുതര്‍ക്കവും അതിനോട് അനുബന്ധിച്ചുള്ള കേസുമാണെന്നും പഞ്ചായത്തിനെ ഈ കേസില്‍നിന്നും ഒഴിവാക്കണമെന്നും വ്യക്തമായ കമ്മിറ്റി തീരുമാനമെടുത്തു കോടതിയെ അറിയിച്ചിട്ടുള്ളതാണ്.
ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കേസില്‍ പ്രതിയായ വ്യക്തികള്‍ വിവരാവകാശ നിയമം 2005 പ്രകാരം ചില ചോദ്യങ്ങള്‍ ചോദിച്ചതിന് നിലവിലുള്ള പഞ്ചായത്ത് രേഖകള്‍ പ്രകാരമുള്ള മറുപടികള്‍ നല്‍കിയിട്ടും അതില്‍ തൃപ്തരാകാതെ പഞ്ചായത്തംഗവും കേസിലെ മറ്റു പ്രതികളും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഭീഷണിപ്പെടുത്തലുകളും ആക്രോശങ്ങളും നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരേ പഞ്ചായത്ത് സെക്രട്ടറി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ ജീവന് ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണ ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ജോണി പറഞ്ഞു.