വേനല്‍ച്ചൂട് അതികഠിനം : തീപിടിത്ത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്ന് അഗ്നിശമന സേന
1396901
Saturday, March 2, 2024 7:05 AM IST
ചങ്ങനാശേരി: വേനല്‍ച്ചൂട് അതികഠിനമാകുമ്പോള്‍ തീപിടിത്ത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അഗ്നിശമന സേന. തീപിടിത്തം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അഗ്നിശമന സേന നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
പുരയിടങ്ങളും കൃഷിസ്ഥലങ്ങളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഉടമസ്ഥര്‍തന്നെ കരിയിലകള്ക്കും ഉണങ്ങിയ അടിക്കാടുകള്‍ക്കും തീയിടുന്നത് നിയന്ത്രണാതീതമായി കാറ്റിലൂടെയും മറ്റും പെട്ടെന്നു വ്യാപിക്കുന്നതിലൂടെയാണ് ഭൂരിഭാഗം തീപിടിത്തങ്ങളും ഉണ്ടാകുന്നത്.
അതിനാല്‍, ഇത്തരം തീപിടിത്തങ്ങള്‍ തടയുന്നതിന് കരിയിലകളും ചപ്പുചവറുകളും കത്തിക്കുന്നുവെങ്കില്‍ വലിയ കരിയില കൂനകള്‍ ചെറിയചെറിയ കൂനകളാക്കി മാറ്റിയശേഷം കാറ്റില്ലാത്ത പ്രഭാത സമയങ്ങളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യുക.
കരിയിലക്കൂനകള് കത്തിക്കുന്നതിനു മുന്‍പേ തീ നിയന്ത്രണാതീതമായാല്‍ അണയ്ക്കുന്നതിന് ആവശ്യമായ വെള്ളവും മണലും പച്ചിലക്കൊമ്പുകളും സമീപത്തുതന്നെ കരുതുക. തൊട്ടടുത്ത് വീടുകള്‍, കൃഷിത്തോട്ടങ്ങള്‍, വയലുകള്‍, കന്നുകാലി ഷെഡുകള്‍, തീപിടിത്ത സാധ്യതയുള്ള മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍,
വൈക്കോല്ക്കൂനകള്, പെട്ടെന്ന് കത്തുന്ന മറ്റുവസ്തുക്കള്‍ മുതലായവ ഇല്ലെന്ന് ഉറപ്പുവരുത്തുക, കത്തിച്ച പാഴ്വസ്തുക്കള് പൂര്‍ണമായും കത്തിത്തീര്ന്നുവെന്നും വീണ്ടും കത്തുകയില്ലായെന്നും ഉറപ്പാക്കുക. വയോധികരും കുട്ടികളും കഴിയുന്നതും കരിയിലയ്ക്കും പുല്ലിനും തീവയ്ക്കുന്നത് ഒഴിവാക്കണം.
ഫയര്‍ലൈന്‍ തീപടരാതിരിക്കാന്‍ ഉപകരിക്കും
തരിശായതും കൃഷി ചെയ്യുന്നതുമായ പാടങ്ങളോടുചേര്ന്ന് താമസിക്കുന്നവര്‍, വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയതിനുശേഷമുള്ള തോട്ടങ്ങളോടു ചേര്‍ന്ന് താമസിക്കുന്നവര്‍, കാടുമൂടി കിടക്കുന്ന പറമ്പുകള്‍ക്ക് സമീപവും വനാതിര്‍ത്തിയോടും ചേര്‍ന്നു താമസിക്കുന്നവര്‍ തുടങ്ങി തീപിടിത്ത സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്ന എല്ലാവരും അവരുടെ താമസസ്ഥലത്തിനോട് ചേര്‍ന്നു തീ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായി അഞ്ചു മീറ്റര്‍ വീതിയില്‍ കാട് വെട്ടിത്തെളിച്ച് ഫയര്‍ലൈന്‍ മുന്‍കൂട്ടി തയാറാക്കി തീപിടിത്തം ഒഴിവാക്കാം.
രാത്രികാലങ്ങളില്‍ തീയിടുന്നത് പൂര്‍ണമായും ഒഴിവാക്കുക.ഇലക്ട്രിക് ലൈനിലേക്ക് വീഴുന്ന രീതിയില്‍ ഓലകളോ മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റുക. ലൈനില്‍നിന്നും സ്പാര്ക് ഉണ്ടായി തീ കൃഷിസ്ഥലങ്ങളിലേക്കും സമീപ വീടുകളിലേക്കും വ്യാപിക്കാം.
വലിയ റബര്‍ തോട്ടങ്ങളിലും കാട് വളര്‍ന്നു നില്ക്കുന്ന ഭൂമിയിലും കൃഷിസ്ഥലങ്ങളിലും പാടശേഖരങ്ങളിലും വേനല്‍ക്കാല തീപിടിത്തം നിയന്ത്രിക്കുന്നതിനും തീപിടിത്തം ഉണ്ടായാല്‍ ഒരു നിശ്ചിത പ്രദേശത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്നതിനുമായി വലിയ പ്രദേശത്തെ ചെറിയ തുണ്ടുകളായി വിഭജിച്ച് തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ കാട് വെട്ടിത്തെളിച്ച് ഫയര്‍ലൈനുകള്‍ മുന്‍കൂട്ടി തയാറാക്കാവുന്നതാണ്.
തീയിടുന്നവര് തീ പൂർണമായണഞ്ഞെന്ന് ഉറപ്പുവരുത്തണം
ചപ്പുചവറുകള്‍ കത്തിച്ചാല്‍ തീ പൂര്‍ണമായും അണഞ്ഞുവെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ അവിടം വിട്ടുപോകാവൂ. ചെറിയ തീപ്പൊരി കാറ്റില്‍ പാറിപ്പറന്ന് മറ്റു സ്ഥലങ്ങളില്‍ വലിയ തീപിടിത്തം ഉണ്ടാക്കുന്നതിനിടയാക്കും.
തീപിടിത്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്ക് സമീപം താമസിക്കുന്ന നിരാലംബരായ ആളുകളെ കണ്ടെത്തി അവരുടെ വീടിനു ചുറ്റും തീപിടിത്ത അപകടങ്ങള്‍ തടയുന്നതിനായി സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചേര്‍ന്ന് മുന്‍കൂട്ടി കാട് വെട്ടിത്തിളച്ച് ഫയര്‍ ലൈന്‍ നിര്‍മിക്കുന്നതിന് ശ്രമിക്കുക.
തീപിടിത്തം ഉണ്ടായാല്‍ പുക ഏൽ ക്കാതെ കുട്ടികളെയും വയോധികരെയും എത്രയും വേഗം സുരക്ഷിതസ്ഥാനത്തേക്ക് മാറുക.
അപകടമുണ്ടാകും വിധം തീയിടുന്നതു കണ്ടാൽ പോലീസില്‍ അറിയിക്കണം
മനപ്പൂര്‍വം അപകടമുണ്ടാക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഉടന്‍തന്നെ വിവരം അറിയിക്കുക. അടിയന്തരഘട്ടങ്ങളില്‍ 101ല്‍ വിളിച്ച് ഫയര്‍ഫോഴ്സിനെയും വിവരം ധരിപ്പിക്കുക. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സ്ഥലത്തെത്താന്‍ വ്യക്തവും കൃത്യവുമായ സ്ഥലവിവരവും വഴിയും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കുക.