പഞ്ചായത്തുവക സ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളുന്നു; നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ
1416002
Friday, April 12, 2024 6:43 AM IST
അതിരമ്പുഴ: പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്ത് വലിയ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യം തള്ളുന്നു. പട്ടാപ്പകൽ പരസ്യമായി നിരന്തരം മാലിന്യം തള്ളിയിട്ടും പഞ്ചായത്ത് അധികൃതർ അറിഞ്ഞഭാവം നടിക്കുന്നില്ല. പഞ്ചായത്തുവക പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള സ്ഥലത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്. വലിയ ചാക്കുകളിലാക്കിയ മാലിന്യങ്ങളിൽ ഏറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. തെർമോക്കോൾ, റെക്സിൻ, ഉപയോഗശൂന്യമായ ബെഡുകൾ തുടങ്ങിയവയെല്ലാം ഇവിടെ തള്ളുന്നുണ്ട്.
മാർക്കറ്റിനോട് ചേർന്നുള്ള വഴിയിൽ വാഹനം നിർത്തി അതിൽനിന്നു മതിലിനു മുകളിലൂടെയും മതിൽ ഇടിഞ്ഞ ഭാഗത്തു കൂടിയുമാണ് മാലിന്യം തള്ളുന്നത്. ഇങ്ങനെ തള്ളുന്ന മാലിന്യങ്ങളുടെ മുകളിലേക്ക് വാഴയില (വാഴക്കച്ചി) ഇട്ടു മൂടും.
ഇടയ്ക്കിടെ ഈ മാലിന്യക്കൂമ്പാരത്തിന് തീയിടും. പ്ലാസ്റ്റിക്കും തെർമോക്കോളും റെക്സിനുമെല്ലാം കത്തുമ്പോൾ ഉയരുന്ന പുക പരിസരമാകെ നിറഞ്ഞു സമീപവാസികൾക്ക് അസ്വസ്ഥത ഉണ്ടാകുന്നു. മാലിന്യമേറുമ്പോൾ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു മൂടാറുമുണ്ട്. ടൺകണക്കിന് അഴുകാത്ത മാലിന്യം ഇവിടെ മണ്ണിനടിയിൽ ഉണ്ടാകും.
മനുഷ്യനും പരിസ്ഥിതിക്കും കടുത്ത ആഘാതമേൽപ്പിക്കുന്ന ഈ മലിനീകരണത്തിനെതിരേ പഞ്ചായത്ത് ചെറുവിരൽ അനക്കാത്തതാണ് അദ്ഭുതപ്പെടുത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം, പൊതുസ്ഥലത്തെ മാലിന്യം തള്ളൽ തുടങ്ങിയവ കണ്ടെത്തി പിഴ ഈടാക്കേണ്ട പഞ്ചായത്ത് കടമ മറക്കുകയാണ്.
പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന മാലിന്യം തള്ളലിനെതിരേ ആരും പ്രതികരിക്കുന്നുമില്ല. നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയും പ്രതികരിക്കാത്ത പ്രതിപക്ഷവും ഒരു പോലെ ജനങ്ങളോടുള്ള കടമ മറക്കുകയാണ്.