ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാതെ പാമ്പാടിയിലെ കര്‍ഷകര്‍
1416214
Saturday, April 13, 2024 6:42 AM IST
പാമ്പാടി: ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാതെ പാമ്പാടിയിലെ കര്‍ഷകര്‍. നിരവധി കഷ്ടപ്പാടുകള്‍ക്കുശേഷം ഉത്പാദിപ്പിച്ചെടുത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണിയില്ലാതായതോടെ ന്യായവില പോലും ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പാമ്പാടിയിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകരുടെ ഏക ആശ്രയമായിരുന്നു പാമ്പാടിയിലെ പൊതുമാര്‍ക്കറ്റ്.
നബാർഡിന്റെ സഹായത്തോടെ പഴയചന്ത പുതുക്കിപ്പണിതതോടെ പൊതുചന്തയില്ലാതായി. കര്‍ഷകരും വ്യാപാരികളും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ചന്തയ്ക്കു മുറി അനുവദിക്കാന്‍ പഞ്ചായത്ത് തയാറാകുന്നില്ല.
കൃഷിവകുപ്പിന്റെ കീഴില്‍ പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. വിപണ കേന്ദ്രത്തില്‍ കര്‍ഷകരില്‍നിന്നും വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. നബാര്‍ഡിന്റെ സഹായത്തോടെ സഹകരണ ബാങ്കുകള്‍ തുടങ്ങിയ സംഭരണ കേന്ദ്രങ്ങളും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നില്ല.
കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ നേരിട്ടു വില്പന നടത്തേണ്ട സാഹചര്യം പാമ്പാടിയിലുണ്ടെന്നു വഴിയോരത്ത് പച്ചക്കറി വില്പന നടത്തുന്ന പാമ്പാടി കരിങ്ങണാമറ്റം തോമസ് കെ. ജോണ്‍ എന്ന കര്‍ഷകനും പറയുന്നു.
ഇതിനുപരിഹാരം കാണണമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.