ഫിറ്റാകാനൊരുങ്ങി സ്കൂളുകള്‍
1423356
Sunday, May 19, 2024 1:16 AM IST
കോട്ടയം: സ്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. എന്നാല്‍ ജില്ലയിലെ മിക്ക സ്കൂളുകളുടെയും ഫിറ്റ്നസ് പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് ജില്ലയിലെ സ്കൂളുകളില്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൈമാറുക എന്നുള്ളത് വെല്ലുവിളിയാണ്. നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്യോഗസ്ഥരെ സ്കൂള്‍ അധികൃതര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 31 ആണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പില്‍ നല്‍കാനുള്ള അവസാന തീയതി.
വേനലവധിക്ക് ക്ലാസുകള്‍ അവസാനിപ്പിച്ചതിന് ശേഷമാണ് മിക്കയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമയബന്ധിതമായി ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ക്ലാസുകള്‍ ആരംഭിക്കുന്നതിനടുത്ത ദിവസങ്ങളില്‍ അധികൃതരെത്തുന്നതാണ് പതിവ് രീതിയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകരുതെന്ന വകുപ്പുമന്ത്രിയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ നടപ്പിലാക്കണമെന്നും അധ്യാപക പ്രതിനിധികള്‍ പറയുന്നു.
ഫിറ്റ്നസ് പരിശോധന ഇഴയുന്നു എന്നുള്ള പരാതി വ്യാപകമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍ക്കാണ് പരിശോധന ചുമതല. ഒരു പഞ്ചായത്തിന് കീഴില്‍ പതിനഞ്ചോളം സ്കൂളുകളുണ്ട്. ഇത് പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം സൃഷ്ടിക്കുന്നു. മിക്കയിടങ്ങളിലും പരിശോധന ആരംഭിച്ചിട്ടേയുള്ളൂ. അധികൃതര്‍ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂളുകള്‍.