സ്കൂള്‍ ബസിനും വേണം ഫിറ്റ്നസ്
1423357
Sunday, May 19, 2024 1:16 AM IST
കോട്ടയം: അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് വേണം. മോട്ടോര്‍ വാഹന വകുപ്പ് ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി സ്റ്റിക്കര്‍ പതിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ സര്‍വീസ് നടത്താന്‍ അനുവാദമുള്ളൂ. പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ നോട്ടീസ് നല്കി തിരിച്ചയയ്ക്കും.
വിദ്യാര്‍ഥികളുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും മുന്‍നിര്‍ത്തിയാണു മോട്ടോര്‍വാഹന വകുപ്പ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്. നേരത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങള്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പായി മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പരിശോധനയ്ക്കു വിധേയമാകണം.
ടയറുകള്‍, വൈപ്പര്‍, എമര്‍ജസി വാതിലുകള്‍, വാതിലുകളുടെ പൂട്ട്, ഷട്ടറുകള്‍ തുടങ്ങിയവയാണു പരിശോധിക്കുക. വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്നു വ്യക്തമായി എഴുതണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്നെഴുതണം. കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്നവിധത്തില്‍ കണ്ണാടി സ്ഥാപിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ്, കുട്ടികളുടെ ബാഗുകള്‍, കുടകള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകളും വാഹനങ്ങളില്‍ ഉണ്ടാകണം.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ പുറത്ത്
കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവരീതികള്‍ രൂപീകരിക്കുന്നതിനു സ്കൂള്‍ വാഹനത്തിലെ ഡ്രൈവര്‍മാരുടെ പങ്ക് വലുതാണ്. അതുകൊണ്ടു ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമായ ഡ്രൈവര്‍മാരെ സ്കൂള്‍ ബസ് ഓടിക്കാന്‍ അനുവദിക്കില്ല. അലക്ഷ്യമായും മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതു നിരവധി അപകടങ്ങള്‍ ഉണ്ടാക്കുകയും വിദ്യാര്‍ഥികളുള്‍പ്പെടെ അപകടത്തില്‍പ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.