എലിക്കുളം നാട്ടുചന്ത ആറാം വര്‍ഷത്തിലേക്ക്
1423826
Monday, May 20, 2024 10:45 PM IST
എലിക്കുളം: കര്‍ഷകരുടെ സ്വന്തം നാട്ടുചന്തയാണ് എലിക്കുളം നാട്ടുചന്ത. എലിക്കുളം പഞ്ചായത്തിലെ എലിക്കുളം, കുരുവിക്കൂട്, ഉരുളികുന്നം, പാമ്പോലി,ഏഴാംമൈല്‍, കാരക്കുളം, മല്ലികശേരി എന്നിവടങ്ങളിലെ കര്‍ഷകരുടെ കൂട്ടായ്മയിലാണ് എലിക്കുളം നാട്ടുചന്തയുടെ പിറവി.
2019 മേയിലായിരുന്നു നാട്ടുചന്തയുടെ തുടക്കം. അന്നു മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 6.30 മുതല്‍ നാട്ടുചന്ത സജീവമാണ്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് യഥാര്‍ഥ വില ലഭ്യമാക്കുകയായിരുന്നു ഉദ്ദേശം. ആവശ്യക്കാര്‍ നാട്ടുചന്തയിലെത്തി കര്‍ഷകര്‍ ആവശ്യപ്പെടുന്ന വിലയ്ക്ക് സാധനങ്ങള്കൈപ്പറ്റി. നാടന്‍ പച്ചക്കറികള്‍, വാഴക്കുലകള്‍, നടീല്‍ വസ്തുക്കള്‍, വീട്ടില്‍ വളര്‍ത്തുന്ന നാൽക്കാലികള്, കോഴി, കാട, താറാവ്, ഗിരിരാജന്‍ കോഴി, മത്സ്യങ്ങള്‍, ഇവയുടെ ഉത്പന്നങ്ങള്‍, നെയ്യ്, മുട്ട, തൈര്, നാടന്‍ കറിക്കൂട്ടുകള്‍, എലിക്കുളത്തെ പാടശേഖരത്ത് വിളഞ്ഞ നാടന്‍ കുത്തരി വരെ ഇവിടത്തെ വിഭവങ്ങളിലുണ്ട്. ലോക്ഡൗണ്‍ പോലെയുള്ള നിരവധി പ്രതിസന്ധി ഘട്ടങ്ങളുണ്ടായിട്ടും കാര്‍ഷിക വിഭവങ്ങള്‍ കര്‍ഷകരുടെ വീടുകളില്‍ പോയി ശേഖരിച്ച് സംഘാടകര്‍ ഇത് മുടക്കമില്ലാതെ നടത്തി.
എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷി ഭവന് എന്നിവയുടെ സഹകരണത്തോടെ തളിര് പച്ചക്കറി ഉത്പാദക സംഘമാണ് നാട്ടുചന്തയുടെ സംഘാടകര്‍. ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് രക്ഷാധികാരിയായ സംഘാടക സമിതിയില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെച്ചൂര്‍, രാജു അമ്പലത്തറ, വില്‍സണ്‍ പാമ്പൂരി, ഔസേപ്പച്ചന് ഞാറയ്ക്കല്‍, മോഹനകുമാര്‍ കുന്നപ്പള്ളികരോട്ട് തുടങ്ങിയവരാണ് നാട്ടു ചന്തയുടെ ഇപ്പോഴത്തെ സംഘാടകർ.