ഊത്തമീന് എത്തി; കടവുകളില്‍ ചാകര
1424696
Friday, May 24, 2024 11:50 PM IST
കോട്ടയം: പുതുമഴയില്‍ വെള്ളം കുതിച്ചെത്തിയതോടെ മീനച്ചിലാറ്റിലെയും കൈത്തോടുകളലെയും കടവുകളില്‍ മീന്‍ ചാകര.
കിഴക്കന്‍ മലവെള്ളത്തിനൊപ്പം കൂട്ടമായി എത്തുന്ന പുല്ലന്, വാള, വയമ്പ്, പരല്‍, കുറുവ, മഞ്ഞക്കൂരി ഇനം മീനുകളാണ് മീന്‍പിടിത്തക്കാരുടെ ചാകരക്കൊയ്ത്ത്.
കോട്ടയംകാരുടെ ജനകീയ മീന്‍പിടിത്തമാണ് കാലവര്‍ഷക്കാലത്ത് നടക്കുന്നത്. ആര് വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം. വിവിധ നാടുകളില്‍നിന്നെത്തി കോട്ടയം കടവുകളിലെത്തി കുട്ടയും വട്ടിയും വല്ലവും നിറച്ച് മീനുമായി മടങ്ങുന്നവര്‍ ഏറെയാണ്.
താഴത്തങ്ങാടി, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, എലിപ്പുലിക്കാട്ട്, നാഗമ്പടം, കിടങ്ങൂര്‍, കട്ടച്ചറ എന്നിവിടങ്ങളിലാണ് പുതുമഴക്കാലത്ത് മീന്‍പിടിത്തം പതിവായുള്ളത്. കൊടൂരാറ്റിലും മീനച്ചിലാറ്റിലുംനിന്ന് പാടങ്ങളിലേക്കും തോടുകളിലേക്കും മീന്‍ കയറുക പതിവാണ്. തോടുകളില്‍നിന്നു കരിമീനും കയറിവരാറുണ്ട്. പിടിക്കുന്ന മീനുകള്‍ കൂട്ടത്തോടെ വഴിയരികിലിട്ട് അപ്പോള്‍ തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. പുഴമീന്‍ വാങ്ങാൻ ആവശ്യക്കാരേറെയാണ്.
ആമയും പച്ചത്തവളയും ഞണ്ടും പാടങ്ങളില്‍ കയറിവരുന്നതും ഇതേ സീസണിലാണ്. എന്നാല്‍ ഇവയെ പിടിക്കാന്‍ അനുമതിയില്ല. മീനുകളുടെ പ്രജനന കാലം കൂടിയായതിനാല്‍ അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള ഊത്തപിടിത്തത്തിനു നിരോധവുമുണ്ട്.