ദുരന്ത നിവാരണം: മാടപ്പള്ളി പഞ്ചായത്ത് പരിധിയിലെ അപകടമരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്നു
1424864
Saturday, May 25, 2024 7:24 AM IST
ചങ്ങനാശേരി: കാലവര്‍ഷത്തിന് മുമ്പായി മാടപ്പള്ളി പഞ്ചായത്തു പരിധിയിൽ കേടുപിടിച്ച് അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും ജീര്‍ണിച്ച ശിഖരങ്ങളും മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പൂവത്തുംമൂട് ജംഗ്ഷനില്‍ കേടുപിടിച്ചു അപകടാവസ്ഥയില്‍ നിന്ന മരമാണ് മുറിച്ചു നീക്കിയത്. മറ്റു സ്ഥലങ്ങളിലെ മരങ്ങളുടെ ഭാരം കൂടിയ ചില്ലകളും മുറിച്ചു നീക്കുന്നുണ്ട്. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് സ്ഥലം സന്ദര്‍ശിച്ചു.
മാടപ്പള്ളി പഞ്ചായത്തിലെ പൊതുമരാമത്തു റോഡുകളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ച് ജില്ലാകളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടികള്‍ക്കു തുടക്കമായത്.
ഗ്രാമപഞ്ചായത്തിനെ പ്രധിനിധികരിച്ച് വികസനകാര്യ സമിതി ചെയര്മാന് പി.എ. ബിന്സണ് പങ്കെടുത്തു. കഴിഞ്ഞദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ കമ്മിറ്റിയില്‍ പിഡബ്ല്യുഡി ഓവര്‍സിയര്‍ സനീഷ് കുമാറും ഇത്തരം മരങ്ങള്‍ ഉടന്‍തന്നെ മുറിച്ചു മാറ്റാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.