മഴക്കാല മുന്നൊരുക്ക യോഗം ചേര്‍ന്നു
1424882
Sunday, May 26, 2024 2:22 AM IST
പാലാ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.പി. ദീപയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.
യോഗത്തില്‍ വഴിക്കടവിലുള്ള ചെക്ക്ഡാമിന്റെ ടണല്‍മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യാത്തപക്ഷം മീനച്ചിലാറ്റില്‍ ക്രമാതീതമായ തരത്തില്‍ വെള്ളം കൂടുവാന്‍ സാധ്യത ഉണ്ടെന്ന അടിസ്ഥാനത്തില്‍ അധികൃതരോട് എത്രയും പെട്ടെന്ന് ചെളി നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്കി.
മലയോര മേഖലകളില്‍ അപകടസാധ്യതയുള്ളയിടങ്ങളില്നിന്ന് അവശ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുവാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അതാത് വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തില്‍ നിര്‍ദേശം നല്കി. കൂടാതെ വഴിയോരങ്ങളിലും മറ്റും അപകടാവസ്ഥയില്‍ നില്ക്കുന്ന വൃക്ഷങ്ങളും മറ്റ് ശിഖരങ്ങളും വെട്ടിമാറ്റാനും നിര്‍ദേശിച്ചു. നഗരത്തിലെയും പൊതുസ്ഥലങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമുളള ക്രമീകരണം ഏര്‍പ്പെടുത്തും.
അടുത്തയാഴ്ച താലൂക്കിലെ ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുവാനും തീരുമാനിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ഡി. ജോര്‍ജ്, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ്, ഗതാഗതവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.