താത്കാലിക പാലം നിർമാണം നിർത്തിവച്ച് പ്രതിഷേധം
1424894
Sunday, May 26, 2024 2:34 AM IST
മുണ്ടക്കയം: മുക്കുളത്ത് കൊക്കയാർ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമിക്കുന്ന താത്കാലിക പാലത്തിന്റെ നിർമാണം നിർത്തിവച്ചു. സ്വകാര്യ വ്യക്തി ജനപ്രതിനിധികൾക്കും പാലം നിർമാണത്തിന് നേതൃത്വം നൽകുന്നവർക്കുമെതിരേ പരാതി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു നിർമാണം നിർത്തിവച്ചത്.
തുടർന്ന് പെരുവന്താനം പോലീസ് സ്ഥലത്തെത്തി കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ താത്ക്കാലിക പാലത്തിന്റെ നിർമാണം ഉടൻ തുടങ്ങുവാൻ തീരുമാനമായി.
അതേസമയം പാലം നിർമാണത്തിന് തടസം നിൽക്കുന്ന വ്യക്തിക്കെതിരെ നാട്ടുകാർ ഒന്നാകെ സംഘടിക്കുകയും പൊതുജനങ്ങളിൽ നിന്ന് ഒപ്പു ശേഖരണം നടത്തി പെരുവന്താനം പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് വളരെ വേഗത്തിൽ താത്ക്കാലിക പാലത്തിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമം. എന്നാൽ, ഇതിനെ തുരങ്കം വയ്ക്കുവാനുള്ള പരിശ്രമമാണ് ചില വ്യക്തികൾ നടത്തുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.