പ്രളയ ദുരിതബാധിത മേഖലയിലേക്ക് താത്കാലിക ബസ് സർവീസ് ആരംഭിച്ചു
1424895
Sunday, May 26, 2024 2:34 AM IST
മുണ്ടക്കയം: ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ യാത്രാ ക്ലേശത്തിലായിരുന്ന മുക്കുളം, കനകപുരം, വടക്കേമല നിവാസികൾക്ക് ആശ്വാസം. മേഖലയിലേക്ക് സ്വകാര്യ ബസ് താത്ക്കാലിക സർവീസ് ആരംഭിച്ചു. ഇളംകാട് വഴി മറുകരയിൽ കയറി കനകപുരം വരെയാണ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
പൂഞ്ഞാർ, പീരുമേട് എംഎൽഎമാർ, കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ അപേക്ഷ സമർപ്പിക്കുകയും ഇതുവഴി പ്രത്യേക പെർമിറ്റ് അനുവദിച്ച് നൽകുകയുമായിരുന്നു. രാവിലെ 7.45ന് മുണ്ടക്കയത്ത് നിന്നു ഏന്തയാർ ഈസ്റ്റിന് സർവീസ് ആരംഭിക്കും. 8.35ന് തിരികെ മുണ്ടക്കയം വഴി കോരുത്തോടിന് സർവീസ്, 11.14ന് വീണ്ടും മുണ്ടക്കയത്ത് നിന്നു ബസ് പുറപ്പെടും. 11.55ന് ഏന്തയാർ ഈസ്റ്റിൽ നിന്നു തിരികെ മുണ്ടക്കയത്തേക്ക്. വൈകുന്നേരം 5.20ന് മുണ്ടക്കയത്ത് നിന്നു വീണ്ടും സർവീസ് നടത്തും.
പ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താത്ക്കാലിക പാലം നിർമിച്ചിരുന്നു. ഇതുവഴി കാൽനട യാത്രക്കാരും ചെറു വാഹനങ്ങളും കടന്നുപോയിരുന്നു. പുതിയ പാലം നിർമാണം ആരംഭിച്ചതോടെ താത്ക്കാലിക പാലം പൊളിച്ചു നീക്കി. ഇതോടെ ഇതുവഴിയുള്ള യാത്ര നിലച്ചു. ഇതെത്തുടർന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ സ്വകാര്യ ബസ് മേഖലയിലേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്രാ ക്ലേശത്തിന് താത്ക്കാലിക പരിഹാരമാകും.